മോഹന്‍ലാലിന്‍റെ ‘ജി ഫോര്‍ ഗോള്‍ഡ്’ - ഒരു അത്‌ലറ്റിന്‍റെ കഥ!
വെള്ളി, 27 ഡിസംബര്‍ 2013 (14:49 IST)
PRO
വയനാട്ടിലായിരുന്നു കഴിഞ്ഞ കുറച്ചുനാളുകളായി സംവിധായകന്‍ രഞ്ജിത്‍. ‘ജി ഫോര്‍ ഗോള്‍ഡ്’ എന്ന പുതിയ ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കുന്ന തിരക്കില്‍. രചന ഏതാണ്ട് പൂര്‍ത്തിയാക്കി രഞ്ജിത് മടങ്ങിയെത്തി, കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ നടന്‍ വി കെ ശ്രീരാമന്‍റെ മകന്‍റെ വിവാഹത്തില്‍ പങ്കെടുത്തു.
ജി ഫോര്‍ ഗോള്‍ഡ് ഒരു അത്‌ലറ്റിന്‍റെ കഥ പറയുന്ന സിനിമയെന്നാണ് ആദ്യ വിവരം. ട്രാക്കില്‍ സ്വര്‍ണം മാത്രം ലക്‍ഷ്യം വച്ച് ജീവിതം കഴിക്കുന്ന ഒരു കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണത്രേ കഥ വികസിക്കുന്നത്. മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍. പൃഥ്വിരാജോ കുഞ്ചാക്കോ ബോബനോ ചിത്രത്തിന്‍റെ ഭാഗമാകും. നേരത്തേ തീരുമാനിച്ചതുപോലെ മഞ്ജുവാര്യര്‍ ഈ സിനിമയില്‍ ഉണ്ടാകില്ല.
മഞ്ജു വാര്യര്‍ക്ക് പെര്‍ഫോം ചെയ്യാന്‍ മാത്രം മികവുള്ള ഒരു കഥാപാത്രമല്ല ഈ ചിത്രത്തിലെ നായികാ കഥാപാത്രമെന്ന് തിരിച്ചറിഞ്ഞാണ് രഞ്ജിത് മഞ്ജുവിനെ ഒഴിവാക്കിയത്. എന്തായാലും ഒരു ഗംഭീര തിരിച്ചുവരവിനുള്ള അവസരമാണ് രഞ്ജിത്തിന്‍റെ ഈ തീരുമാനത്തിലൂടെ മഞ്ജുവിന് നഷ്ടമായത്.
അതേസമയം, ‘ജി ഫോര്‍ ഗോള്‍ഡ്’ എന്ന സിനിമയുടെ മൂലകഥ ശങ്കര്‍ രാമകൃഷ്ണന്‍റേതാണ് എന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു. മുമ്പ് ‘ഗോള്‍ഡ്’ എന്ന പേരില്‍ ഇത് തിരക്കഥയാക്കി ശങ്കര്‍ രാമകൃഷ്ണന്‍ സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് നല്‍കിയിരുന്നത്രേ. എന്നാല്‍ ആ പ്രൊജക്ട് പല കാരണങ്ങളാല്‍ നടക്കാതെ പോയതിനാല്‍ രഞ്ജിത് ഇതേ കഥ വലിയ മാറ്റങ്ങളോടെ ഒരു മോഹന്‍ലാല്‍ ചിത്രമാക്കി മാറ്റിയെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. ‘കോ’ ഫെയിം കാര്‍ത്തിക ഈ ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്ക് പകരം നായികയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.