മോഹന്‍ലാലിന്‍റെ പാതയില്‍ മമ്മൂട്ടിയും, മുഖാമുഖം തുടങ്ങി !

ബുധന്‍, 22 ഓഗസ്റ്റ് 2012 (14:24 IST)
PRO
ഭാര്യയുമായി പിരിഞ്ഞ്, ജോലിയില്‍ അലസത കാട്ടി, ഒതുങ്ങി ജീവിക്കുന്ന ചന്ദ്രശേഖരന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍ എത്തിയത് ഈ വര്‍ഷം നമ്മള്‍ കണ്ടു - ‘ഗ്രാന്‍റ്‌മാസ്റ്റര്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍. ഒരു പ്രത്യേക ഘട്ടമെത്തുമ്പോള്‍ ചന്ദ്രശേഖരന്‍ വീണ്ടും ഊര്‍ജ്ജ്വസ്വലനാകുന്നതും ശത്രുവിനെതിരെ ബുദ്ധികൊണ്ടും ശക്തികൊണ്ടും പോരാടി ജയിക്കുന്നതായിരുന്നു ആ സിനിമയുടെ പ്രമേയം.

സമാനമായ കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. വി എം വിനു സംവിധാനം ചെയ്യുന്ന ‘ഫേസ് ടു ഫേസ്’ എന്ന ചിത്രത്തില്‍ ബാലചന്ദ്രന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ബാലചന്ദ്രന്‍റെ ചില തീരുമാനങ്ങള്‍ കീഴ്ജീവനക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും തലവേദനയായി മാറുന്നു. അതോടെ അവര്‍ അയാളെ ഒറ്റപ്പെടുത്തി. അയാള്‍ സ്വയം ഉള്‍‌വലിയുകയും ചെയ്തു. ഇതിനിടയില്‍ ഒരു ദുരന്തം ബാലചന്ദ്രനെ വേട്ടയാടി. അതേത്തുടര്‍ന്ന്, അയാള്‍ പൊലീസ് ജീവിതം അവസാനിപ്പിച്ചു.

“മമ്മൂട്ടി അവതരിപ്പിക്കുന്ന ബാലചന്ദ്രന്‍ എന്ന കഥാപാത്രം പൊലീസ് സര്‍വീസില്‍ ഇപ്പോഴില്ലാത്തയാളാണ്. പക്ഷേ അദ്ദേഹത്തിന് ഒരു കൊലപാതകത്തേക്കുറിച്ചുള്ള അന്വേഷണം നടത്തേണ്ടിവരുന്നു. അദ്ദേഹത്തിന്‍റെ അന്വേഷണ രീതികളെല്ലാം തികച്ചും പുതുമയാര്‍ന്നതാണ്. മമ്മൂട്ടി ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് ഇത്” - സംവിധായകന്‍ വി എം വിനു പറയുന്നു.

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിന് തിരക്കഥ രചിച്ച മനോജ് ആണ് ഫേസ് ടു ഫേസിന് തിരക്കഥ രചിക്കുന്നത്. വിജയരാഘവന്‍, സിദ്ദിക്ക്, പ്രതാപ് പോത്തന്‍, കലാഭവന്‍ മണി, റോമ തുടങ്ങിയവര്‍ വേഷമിടുന്നു. അജയന്‍ വിന്‍‌സന്‍റാണ് ഛായാഗ്രഹണം.

വെബ്ദുനിയ വായിക്കുക