മോഹന്‍ലാലിനെ ഇനി പിടിച്ചാല്‍ കിട്ടില്ല !

ചൊവ്വ, 21 ഓഗസ്റ്റ് 2012 (14:37 IST)
PRO
ഈ വര്‍ഷം ഇതുവരെ മൂന്ന് സിനിമകളാണ് യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റേതായി പുറത്തുവന്നത്. കാസനോവ, ഗ്രാന്‍റ്‌മാസ്റ്റര്‍, സ്പിരിറ്റ് എന്നിവ. ഇതില്‍ കാസനോവ വന്‍ മുതല്‍ മുടക്കി തയ്യാറാക്കിയ സിനിമ ആയിരുന്നെങ്കിലും തിയേറ്ററുകളില്‍ തിരിച്ചടി നേരിടാനായിരുന്നു വിധി. എന്നാല്‍ അതിന് ശേഷം മോഹന്‍ലാല്‍ ഫോം വീണ്ടെടുത്തു.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഗ്രാന്‍റ്‌മാസ്റ്റര്‍ വന്‍ ഹിറ്റായി മാറി. മോഹന്‍ലാലിന്‍റെ സ്റ്റൈലിഷ് പ്രകടനം തന്നെയായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റ്. അതിന് ശേഷം രഞ്ജിത്തിന്‍റെ സ്പിരിറ്റിലൂടെയാണ് മോഹന്‍ലാല്‍ മാജിക് ആവര്‍ത്തിച്ചത്. രഘുനന്ദന്‍ എന്ന ആല്‍ക്കഹോളിക് കഥാപാത്രമായി മോഹന്‍ലാല്‍ മിന്നിത്തിളങ്ങിയപ്പോള്‍ സ്പിരിറ്റും സൂപ്പര്‍ഹിറ്റ്.

എന്തായാലും വിജയകഥ തുടരാന്‍ ഉറപ്പിച്ചുതന്നെയാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്‍റെ വരാന്‍ പോകുന്ന ചിത്രങ്ങളെല്ലാം വന്‍ വിജയം ലക്‍ഷ്യമിട്ടുള്ളതാണ്. ഓണത്തിന് ‘റണ്‍ ബേബി റണ്‍’ റിലീസാകും. ജോഷി സംവിധാനം ചെയ്ത ഈ കോമഡി ത്രില്ലര്‍ സച്ചിയാണ് രചിച്ചിരിക്കുന്നത്. ഈ സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷയാണ് പ്രേക്ഷക സമൂഹത്തിനുള്ളത്.

റണ്‍ ബേബി റണ്ണിന് ശേഷം മോഹന്‍ലാലിന്‍റെ വമ്പന്‍ കൊമേഴ്സ്യല്‍ സിനിമകള്‍ അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. അവ ഏതൊക്കെ എന്ന് പരിശോധിക്കാം.

അടുത്ത പേജില്‍ - വരുന്നൂ.... ഗ്രാന്‍റ്‌മാസ്റ്റര്‍ പോലെ മറ്റൊരു ക്രൈം ത്രില്ലര്‍

PRO
മോഹന്‍ലാല്‍ - മേജര്‍ രവി ടീമിന്‍റെ ‘കര്‍മ്മയോദ്ധ’ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. മുംബൈയിലും പൊള്ളാച്ചിയിലുമായി ചിത്രീകരണം പൂര്‍ത്തിയാകുന്ന സിനിമ ഗ്രാന്‍റ്‌മാസ്റ്റര്‍ പോലെ ഒരു ക്രൈം ത്രില്ലര്‍ ആണ്. ക്രിസ്മസ് റിലീസായാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്.

മാഡ് മേനോന്‍. യഥാര്‍ത്ഥ പേര് മാധവ മേനോന്‍ എന്നാണ്. എന്നാല്‍ വിളിപ്പേരുപോലെ തന്നെ അദ്ദേഹത്തിന്‍റെ സ്വഭാവവും കുറച്ചു പിശകാണ്. ആളൊരു എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റ് ആണ്. ഒരു പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി മാഡ് മേനോന്‍ കേരളത്തിലെത്തുന്നു. ‘കര്‍മ്മയോദ്ധാ’ എന്ന സിനിമ തുടങ്ങുന്നത് ഇവിടെയാണ്.

‘കുങ്കുമപ്പൂവ്’ എന്ന ജനപ്രിയ സീരിയലിലെ ജയന്തി ടീച്ചര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആശാ ശരത് ആണ് കര്‍മ്മയോദ്ധയില്‍ മോഹന്‍ലാലിന് നായിക. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ തകര്‍ത്താടിയ രാജീവ് പിള്ള ഈ സിനിമയില്‍ വില്ലനായി എത്തുന്നു. മൊബൈല്‍ ഫോണ്‍ സൃഷ്ടിക്കുന്ന കുഴപ്പങ്ങളാണ് സിനിമയുടെ പ്രമേയം. ഗോവിന്ദ് പദ്മസൂര്യ, രജത് മേനോന്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നിവയാണ് മേജര്‍ രവി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങള്‍. തന്‍റെ പതിവ് ട്രാക്കില്‍ നിന്ന് മാറി വ്യത്യസ്തമായ ട്രീറ്റ്‌മെന്‍റാണ് കര്‍മ്മയോദ്ധായ്ക്കായി മേജര്‍ രവി സ്വീകരിച്ചിരിക്കുന്നത്.

അടുത്ത പേജില്‍ - അടിച്ചുപൊളിക്കാന്‍ മോഹന്‍ലാലിന്‍റെ ‘തരിപ്പന്‍’ വേഷം !

PRO
മോഹന്‍ലാലിനെ നായകനാക്കി ഉദയ്കൃഷ്ണയും സിബി കെ തോമസും പുതിയൊരു തിരക്കഥയുടെ പണിപ്പുരയിലാണ്. ‘ആറുമുതല്‍ അറുപതുവരെ’ എന്നാണ് സിനിമയുടെ പേര്. സംവിധാനം ജോണി ആന്‍റണി. ജോയ് തോമസ് ശക്തികുളങ്ങരയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രമണിത്.

‘ആറുമുതല്‍ അറുപതുവരെ’യിലൂടെ ഒരു തകര്‍പ്പന്‍ കോമഡി എന്‍റര്‍ടെയ്‌നര്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ ലക്‍ഷ്യമിടുന്നത്. ഈ സിനിമ മോഹന്‍ലാലിന്‍റെ ആരാധകര്‍ക്കുള്ള സമ്മാനമായിരിക്കും. ഒരു ‘തരിപ്പന്‍’ സിനിമയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തെ പരിചയപ്പെടുത്തുന്നത്.

കൊച്ചിയിലും ബാങ്കോക്കിലുമായി ചിത്രീകരിക്കുന്ന ഈ സിനിമയുടെ തിരക്കഥ പൂര്‍ത്തിയായി വരികയാണ്. ഒരു ക്രിസ്ത്യന്‍ കൂട്ടുകുടുംബത്തിന്‍റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

അടുത്ത പേജില്‍ - മോഹന്‍ലാലും കൂട്ടുകാരികളും !

PRO
ഹിന്ദി ബോഡിഗാര്‍ഡിന്‍റെ അത്ഭുതാവഹമായ വിജയത്തിന് ശേഷം സംവിധായകന്‍ സിദ്ദിക്ക് ഒരു മലയാള ചിത്രം ഒരുക്കുകയാണ്. മോഹന്‍ലാല്‍ നായകനായ ചിത്രത്തിന് ‘ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാന്‍’ എന്നാണ് പേര്. ഒരുപാട് യുവതികളുടെ ഇഷ്ടം കവരുന്ന ഒരാളായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. നവംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2013 വിഷുവിന് റിലീസ് ചെയ്യും.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ സംവിധായകന്‍ സിദ്ദിക്കും നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും തമ്മില്‍ ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാന്‍റെ അന്തിമവട്ട ചര്‍ച്ച നടന്നു. സിദ്ദിക്ക് ഈ സിനിമയുടെ തിരക്കഥ ഇന്‍റര്‍‌വെല്‍ വരെ പൂര്‍ത്തിയാക്കിക്കഴിഞ്ഞതായാണ് വിവരം.

രണ്ട് പതിറ്റാണ്ടിന് മുമ്പ് ‘വിയറ്റ്നാം കോളനി’ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു സിദ്ദിക്കും മോഹന്‍ലാലും ആദ്യമായി ഒന്നിച്ചത്. അത് വമ്പന്‍ ഹിറ്റായി. അതിന് ശേഷം ഇരുവര്‍ക്കും ഒത്തുചേരാനായില്ല. ഇപ്പോള്‍ ആന്‍റണി പെരുമ്പാ‍വൂരിന്‍റെ ശ്രമഫലമായാണ് ഹിറ്റ്മേക്കറും യൂണിവേഴ്സല്‍ സ്റ്റാറും വീണ്ടും കൈകൊടുക്കുന്നത്. ആന്‍റണി നിര്‍മ്മിക്കുന്ന പതിനാറാമത്തെ സിനിമയായിരിക്കും ‘ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാന്‍’.

മോഹന്‍ലാലിന്‍റെ തകര്‍പ്പന്‍ കോമഡി ലേഡീസ് ആന്‍റ് ജെന്‍റില്‍മാനില്‍ ഉണ്ടായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പുനല്‍കുന്നു. ഒരുപാടു സ്ത്രീകളോട് ഇഷ്ടം കൂടുന്നവനാണ് ഈ ചിത്രത്തിലെ നായകന്‍. എന്നാല്‍ ഇത് മറ്റൊരു ‘കാസനോവ’യല്ല. യാദൃശ്ചികതകള്‍ അയാളെ അങ്ങനെയാക്കിത്തീര്‍ക്കുകയാണ്. ആശീര്‍വാദ് സിനിമാസും മാക്സ്‌ലാബും ചേര്‍ന്ന് സിനിമ പ്രദര്‍ശനത്തിനെത്തിക്കും.

അടുത്ത പേജില്‍ - കോടികളുടെ കിലുക്കവുമായി ഒരു വമ്പന്‍ സിനിമ !

PRO
മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ടീമിന്‍റെ പുതിയ സിനിമയുടെ ചര്‍ച്ചകളും പൂര്‍ത്തിയായി. തമിഴകത്തെ ഷങ്കര്‍ ഒരുക്കുന്ന സിനിമകള്‍ പോലെ വമ്പന്‍ ബജറ്റില്‍ ഒരു കോമഡി ആക്ഷന്‍ ക്രൈം ത്രില്ലറായിരിക്കും ഈ ചിത്രം. സെവന്‍ ആര്‍ട്സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രിയദര്‍ശന്‍ തന്നെയാണ് തിരക്കഥ. മോഹന്‍ലാലും ദുല്‍ക്കര്‍ സല്‍മാനും ഉള്‍പ്പെടുന്ന തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളായിരിക്കും ഈ സിനിമയുടെ ഹൈലൈറ്റ്. ഈ സിനിമയുമായി ഹോളിവുഡിലെ ആക്ഷന്‍ സംവിധായകര്‍ സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാലും പ്രിയനും അടുത്തിടെ ഒന്നിച്ച ‘അറബീം ഒട്ടകോം പി മാധവന്‍‌നായരും’ വലിയ വിജയമാകാതിരുന്ന സാ‍ഹചര്യത്തിലാണ് ആ ക്ഷീണം പരിഹരിക്കാനായി ഒരു വമ്പന്‍ പ്രൊജക്ടിനായി ഒത്തുചേരാന്‍ ഇരുവരും തീരുമാനിച്ചത്.

വെബ്ദുനിയ വായിക്കുക