മുന്തിരിത്തോപ്പിലെ അതിഥി, ഭാവനയും അനൂപും വീണ്ടും !

ബുധന്‍, 18 നവം‌ബര്‍ 2015 (13:11 IST)
അനൂപ് മേനോന്‍റെ തിരക്കഥയില്‍ വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘മുന്തിരിത്തോപ്പിലെ അതിഥി’ എന്ന് പേരിട്ടു. അനൂപ് തന്നെ നായകനാകുന്ന ചിത്രത്തില്‍ ഭാവനയാണ് നായിക. മൈസൂര്‍, ബാംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ഈ സിനിമ ഒരു പ്രണയകഥയാണ് പറയുന്നത്.
 
ജോമോന്‍ ടി ജോണ്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. നെടുമുടി വേണു, ജോയ് മാത്യു എന്നിവര്‍ ഈ ചിത്രത്തില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോജു ജോര്‍ജ്, അനുമോള്‍, മണിയന്‍‌പിള്ള രാജു തുടങ്ങിയവരും ചിത്രത്തിലെ താരങ്ങളാണ്.
 
അനൂപ് മേനോനും ഭാവനയും നേരത്തേ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന വി കെ പി ചിത്രത്തില്‍ ജോഡിയായിരുന്നു. ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ വി കെ പി സിനിമകള്‍ക്ക് തിരക്കഥയെഴുതിയതും അനൂപ് മേനോനാണ്. സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ തുടങ്ങി ഫെബ്രുവരിയില്‍ അവസാനിക്കും. 
 
‘മുന്തിരിത്തോപ്പിലെ അതിഥി’ എന്ന കാവ്യാത്മകമായ പേരുകൊണ്ടുതന്നെ ഈ സിനിമ ശ്രദ്ധിക്കപ്പെടുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കലവൂര്‍ രവികുമാറിന്‍റെ തിരക്കഥയില്‍ ‘മുന്തിരിത്തോപ്പുകളുടെ അതിഥി’ എന്നൊരു ചിത്രം സംവിധായകന്‍ കമല്‍ പ്ലാന്‍ ചെയ്തിരുന്നു. പൃഥ്വിരാജും സൌന്ദര്യയുമായിരുന്നു ആ സിനിമയില്‍ അഭിനയിക്കാനിരുന്നത്. എന്നാല്‍ വിമാനാപകടത്തില്‍ സൌന്ദര്യ മരിച്ചതോടെ ആ പ്രൊജക്ട് ഉപേക്ഷിച്ചു. പിന്നീട് ആ കഥയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് കമല്‍ ‘ആഗതന്‍’ എന്ന സിനിമ ഒരുക്കിയത്. ദിലീപും ചാര്‍മിയുമായിരുന്നു ആ ചിത്രത്തിലെ ജോഡി.

വെബ്ദുനിയ വായിക്കുക