മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ടീമിന്‍റെ ‘അറബിയും ഒട്ടകവും പി മാധവന്‍ നായരും’ ഓണത്തിന് റിലീസ് ചെയ്യില്ല. പ്രിയദര്‍ശന് ഹിന്ദി സിനിമയുടെ തിരക്കുള്ളതുകാരണം ഈ സിനിമയ്ക്കായി മാറ്റിവയ്ക്കാന്‍ സമയമില്ലാത്തതാണ് മാധവന്‍ നായര്‍ ഓണത്തിനെത്താതിരിക്കാന്‍ കാരണം. ഓണം റിലീസായി പ്ലാന്‍ ചെയ്ത് ചിത്രീകരണം ആരംഭിച്ച ഈ സിനിമ ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്നാണ് ഏറ്റവും ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ട്.
‘തേസ്’ എന്ന ഹിന്ദിച്ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കാനായി പ്രിയദര്‍ശന് ലണ്ടനില്‍ പോകണം എന്നതിനാലാണ് മാധവന്‍ നായരെ പാതിവഴിയില്‍ നിര്‍ത്തുന്നത്. തേസിന് ഇനി 40 ദിവസത്തെ ജോലിയാണ് ബാക്കിയുള്ളത്. അതിന് ശേഷമേ മാധവന്‍ നായരുടെ രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കാനാവൂ.
ഇതോടെ മോഹന്‍ലാലിന്‍റെ ഓണച്ചിത്രം ഏതായിരിക്കും എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരിക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കാസനോവ’ ഓണത്തിന് കൊണ്ടുവരാനാണ് ഇപ്പോള്‍ മോഹന്‍ലാല്‍ ശ്രമിക്കുന്നത്. കാസനോവ ജൂലൈയില്‍ റിലീസ് ചെയ്യാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. മോഹന്‍ലാല്‍ ഇപ്പോള്‍ റോഷനുമായും കാസനോവയുടെ മറ്റ് അണിയറപ്രവര്‍ത്തകരുമായും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തു വരികയാണ്.
അതേസമയം, പ്രിയദര്‍ശന്‍ ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ പാക്കപ്പായതിന്‍റെ ഗ്യാപ്പില്‍ സത്യന്‍ അന്തിക്കാട് തന്‍റെ മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് സൂചനയുണ്ട്. അമ്പത് ദിവസം കൊണ്ട് തന്‍റെ ചിത്രം തീര്‍ക്കാനാകുമെന്നാണ് സത്യന്‍ കരുതുന്നത്. അങ്ങനെയുണ്ടായാല്‍ സത്യന്‍ ചിത്രം മോഹന്‍ലാലിന്‍റെ ഓണച്ചിത്രമായി മാറിയേക്കും.
എന്നാല്‍ ‘അറബിയും ഒട്ടകവും പി മാധവന്‍ നായരും’ വീണ്ടും തുടങ്ങുന്നതിന് മുമ്പ് ലഭിക്കുന്ന, മോഹന്‍ലാലിന്‍റെ 40 ദിവസത്തെ ഡേറ്റ് തന്‍റെ ‘പ്രണയം’ എന്ന ചിത്രത്തിനായി ഉപയോഗിക്കണമെന്ന് ബ്ലെസ്സിക്കും ആഗ്രഹമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.