മലയാളത്തിൻറെ മെഗാസ്റ്റാറാകാൻ നിവിൻ പോളി, ദിലീപിന് കനത്ത വെല്ലുവിളി

തിങ്കള്‍, 16 മെയ് 2016 (11:46 IST)
നിവിൻ പോളി മലയാളത്തിൻറെ മെഗാതാരമായി മാറുകയാണ്. ഈ വർഷം തുടർച്ചയായ രണ്ടാമത്തെ ബ്ലോക്ബസ്റ്റർ സ്വന്തം പേരിൽ കുറിച്ച നിവിൻ പോളി സമാനതകളില്ലാത്ത വിജയമാണ് നേടുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'ജേക്കബിന്റെ സ്വർഗരാജ്യം' തകർപ്പൻ വിജയം സ്വന്തമാക്കിയിരിക്കുന്നു.
 
ചിത്രം റിലീസായി 35 ദിവസം കൊണ്ട് 18.5 കോടി രൂപയാണ് കേരളത്തിൽ നിന്നുമാത്രം കളക്ഷൻ നേടിയിരിക്കുന്നത്. ഉടൻ തന്നെ 20 കോടി ക്ലബിൽ ഇടം പിടിക്കുന്ന ജേക്കബിന്റെ സ്വർഗരാജ്യം 50 കോടി ക്ലബിലേക്ക് പ്രവേശിക്കാനുള്ള പ്രയാണത്തിലാണ്.
 
നിവിൻ പോളിക്കൊപ്പം രൺജി പണിക്കരുടേയും ലക്ഷ്മി രാമകൃഷ്ണൻറെയും ഗംഭീര അഭിനയ പ്രകടനത്തിനാണ് ചിത്രത്തിലൂടെ മലയാളികൾ സാക്ഷ്യം വഹിച്ചത്.
 
ആക്ഷൻ ഹീറോ ബിജു എന്ന മെഗാവിജയത്തിന് ശേഷം നിവിൻ പോളി വീണ്ടും മഹാവിജയം സ്വന്തമാക്കുമ്പോൾ കേരളത്തിന്റെ മെഗാതാരമാകാൻ ദിലീപിന് കനത്ത വെല്ലുവിളി ഉയർത്തുകയാണ് യുവതാരം. ദിലീപാണ് ഇപ്പോൾ നിവിൻ പോളിയെപ്പോലെ ബോക്സോഫീസിൽ മെഗാഹിറ്റുകൾ തുടർച്ചയായി സൃഷ്ടിക്കുന്ന താരം.

വെബ്ദുനിയ വായിക്കുക