മമ്മൂട്ടി ഇനി ബാപ്പൂട്ടി, ജീവിതം ആഘോഷിക്കുന്ന കാര്‍ ഡ്രൈവര്‍!
വ്യാഴം, 28 ജൂണ്‍ 2012 (15:23 IST)
PRO
മമ്മൂട്ടിയുടെ അച്ചൂട്ടി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് മറക്കാനാവില്ല. ‘അമരം’ എന്ന ചിത്രത്തില്‍ ലോഹിതദാസ് - ഭരതന്‍ കൂട്ടുകെട്ട് സൃഷ്ടിച്ചതാണ് മകളെയോര്‍ത്ത് ഉള്ളുരുക്കി ജീവിക്കുന്ന ആ കഥാപാത്രം. മമ്മൂട്ടിയെന്ന നടനെ മലയാള സിനിമയില്‍ അടയാളപ്പെടുത്തുന്ന കഥാപാത്രങ്ങളിലൊന്ന്.
മമ്മൂട്ടി ഇനി ബാപ്പൂട്ടിയാകുന്നു. അയാള്‍ അച്ചൂട്ടിയെപ്പോലെയല്ല. ജീവിതം ആഘോഷിക്കുന്നവനാണ്. കാര്‍ ഡ്രൈവറാണ്. ഭൂതകാലത്തെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ നീറി ജീവിക്കുന്നവനല്ല. ഭാവിയെപ്പറ്റി ആകുലതകളും ഇല്ല. വര്‍ത്തമാനകാലത്തില്‍ ജീവിതം ആഘോഷിക്കുകയാണ്. സുഹൃത്തുക്കളുമൊത്ത് ഉല്ലസിക്കുകയാണ്.
അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഡ്രൈവറായി മമ്മൂട്ടി എത്തുന്ന ഈ ചിത്രത്തിന്‍റെ പേര് ‘മലബാര്‍’. രഞ്ജിത് തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജി എസ് വിജയന്‍. മമ്മൂട്ടിയുടെ സഹായി ജോര്‍ജ് നിര്‍മ്മാതാവാകുന്ന ചിത്രം കൂടിയാണ് മലബാര്‍.
മലബാറാണ് ഈ സിനിമയുടെ കഥ നടക്കുന്ന പശ്ചാത്തലം. അവിടത്തെ മുസ്ലിം ജീവിതങ്ങളിലേക്ക് രഞ്ജിത്തിന്‍റെ നോട്ടം കൂടിയാണ് ഈ ചിത്രം. പ്രധാന ലൊക്കേഷന്‍ കോഴിക്കോടാണ്.
ജി എസ് വിജയനും മമ്മൂട്ടിയും ‘ചരിത്രം’ എന്ന സിനിമയ്ക്ക് വേണ്ടി മുമ്പ് ഒരുമിച്ചിട്ടുണ്ട്. 2000ല്‍ ചെയ്ത ‘കവര്‍ സ്റ്റോറി’യാണ് ജി എസ് വിജയന്‍ അവസാനം ഒരുക്കിയ ചിത്രം. രഞ്ജിത്തിനൊപ്പം ചേര്‍ന്ന് വീണ്ടും സിനിമയില്‍ സജീവമാകാനുള്ള ശ്രമത്തിലാണ് ജി എസ് വിജയന്‍.