മഞ്ജു വീണ്ടും നൃത്തം ചെയ്തു, കാണാന്‍ ഇത്തവണയും ദിലീപ് എത്തിയില്ല!

തിങ്കള്‍, 28 ജനുവരി 2013 (16:14 IST)
PRO
മലയാളത്തിന്‍റെ പുണ്യമായിരുന്നു മഞ്ജു വാര്യര്‍ എന്ന നടി. ഇതുപോലൊരു പ്രതിഭ മലയാള സിനിമയില്‍ ഇതുവരെ ഉണ്ടായിട്ടില്ല എന്ന് ഏവരും സമ്മതിക്കുന്ന നടി. മഞ്ജു സിനിമയിലുണ്ടായിരുന്നത് വെറും നാലു വര്‍ഷങ്ങള്‍. വളരെ കുറച്ച് ചിത്രങ്ങള്‍. പക്ഷേ, അതിന് ശേഷം മലയാളത്തിന്‍റെ നായിക എന്ന വിശേഷണം മഞ്ജു വാര്യര്‍ക്ക് മാത്രം സ്വന്തം.

ദിലീപിന്‍റെ ഭാര്യയാകുകയും സിനിമയോട് വിടപറയുകയും ചെയ്ത മഞ്ജു വാര്യര്‍ കഴിഞ്ഞ വര്‍ഷമാണ് നൃത്തരംഗത്തേക്ക് മടങ്ങിയെത്തിയത്. ഗുരുവായൂരില്‍ മഞ്ജുവിന്‍റെ നൃത്തം അന്ന് മലയാളത്തിലെ എല്ലാ ന്യൂസ് ചാനലുകളും ലൈവായി കാണിച്ചു. അന്ന് ഏവരും ശ്രദ്ധിച്ച ഒരു സംഗതിയുണ്ട് - നൃത്തം കാണാന്‍ ദിലീപ് എത്തിയിരുന്നില്ല!

തെലുങ്ക് ചിത്രമായ ‘സത്യസായി ബാബ’യുടെ ഡിസ്കഷനായി മുംബൈയില്‍ ആയിരുന്നതുകൊണ്ടാണ് ദിലീപിന് മഞ്ജുവിന്‍റെ നൃത്തം കാണാന്‍ കഴിയാതിരുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ സംഭവത്തെ പല മാധ്യമങ്ങളും പല രീതിയില്‍ വ്യാഖ്യാനിക്കുകയും ഇവര്‍ പിരിയുന്നതായുള്ള ഗോസിപ്പുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

ഇക്കഴിഞ്ഞ 25ന് മഞ്ജു വാര്യര്‍ കുച്ചിപ്പുടിയുമായി വീണ്ടും നൃത്തവേദിയിലെത്തി. എന്നാല്‍ അന്നും ദിലീപ് നൃത്തം കാണാന്‍ എത്തിയില്ല. ‘സൌണ്ട് തോമ’ എന്ന സിനിമയുടെ ആലപ്പുഴയിലെ ലൊക്കേഷനിലുണ്ടായിരുന്നു അന്ന് ദിലീപ്.

ഇത്ര അടുത്തുണ്ടായിട്ടും മഞ്ജുവിന്‍റെ നൃത്തം ദിലീപ് വീണ്ടും ഒഴിവാക്കിയതിന്‍റെ കാരണങ്ങള്‍ അന്വേഷിക്കുകയാണ് മല്ലുവുഡ് പാപ്പരാസികള്‍.

വെബ്ദുനിയ വായിക്കുക