മഞ്ജു വാര്യര്‍ക്ക് ഒരുകോടി, നയന്‍സിന് 40 ലക്ഷം? !

ചൊവ്വ, 17 മാര്‍ച്ച് 2015 (16:36 IST)
മലയാള സിനിമയില്‍ ഇന്ന് ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക മഞ്ജു വാര്യരാണ്. എന്നാല്‍ അത് കൃത്യമായി എത്ര രൂപയാണെന്ന് വ്യക്തമായ റിപ്പോര്‍ട്ടില്ല. ചിലര്‍ പറയുന്നു 50 ലക്ഷം എന്ന്. ഒടുവില്‍ കേട്ടത് മഞ്ജുവിന്‍റെ പ്രതിഫലം ഒരു കോടി രൂപയാണെന്നാണ്. പ്രതിഫലക്കാര്യത്തില്‍ വിട്ടുവീഴ്ചയൊന്നും ചെയ്യാത്തതുകൊണ്ട് ‘റാണി പത്മിനി’  എന്ന ആഷിക് അബു ചിത്രത്തില്‍ നിന്ന് മഞ്ജുവിനെ ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 
ഇനി തെന്നിന്ത്യയിലെ നമ്പര്‍ വണ്‍ താരം നയന്‍‌താരയുടെ കാര്യം കേള്‍ക്കണോ? ‘ഭാസ്കര്‍ ദി റാസ്കല്‍’ എന്ന മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ 40 ലക്ഷം രൂപ മാത്രമാണത്രേ നയന്‍സ് പ്രതിഫലം കൈപ്പറ്റിയത്. മമ്മൂട്ടി, സിദ്ദിക്ക് തുടങ്ങിയവരുടെ പ്രൊജക്ട് ആയതിനാലും സര്‍വോപരി ഒരു മലയാള ചിത്രം ആ‍യതിനാലും പ്രതിഫലം കുറച്ച് അഭിനയിക്കാന്‍ നയന്‍‌താര തയ്യാറാവുകയായിരുന്നുവത്രേ.
 
തമിഴിലും തെലുങ്കിലും നയന്‍‌താര മൂന്നുകോടി രൂപയാണ് കൈപ്പറ്റുന്നത്. ഭാസ്കര്‍ ദി റാസ്കല്‍ സൈന്‍ ചെയ്യുമ്പോള്‍ ഒരേയൊരു നിബന്ധന മാത്രമാണത്രേ നയന്‍സ് മുന്നോട്ടുവച്ചത്. ഈ സിനിമ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയാണെങ്കില്‍ താന്‍ അഭിനയിച്ച വേഷം താന്‍ തന്നെ അവതരിപ്പിക്കും എന്നായിരുന്നു അത്. അതിന് സിദ്ദിക്ക് സമ്മതം മൂളി എന്നാണ് അറിയുന്നത്. 
 
നയന്‍‌താരയുടെ മുന്‍ സിദ്ദിക്ക് ചിത്രം ബോഡിഗാര്‍ഡ് തമിഴില്‍ ചെയ്തപ്പോള്‍ അസിനും ഹിന്ദിയില്‍ കരീന കപൂറുമായിരുന്നു നായികമാര്‍.

വെബ്ദുനിയ വായിക്കുക