മഞ്ജു ഒപ്പമുണ്ടായിരുന്നപ്പോള്‍ വലിയ വിജയങ്ങളുണ്ടായി: ദിലീപ്

ശനി, 9 മെയ് 2015 (12:08 IST)
മഞ്ജു വാര്യര്‍ തനിക്കൊപ്പമുണ്ടായിരുന്ന സമയത്ത് തനിക്ക് വലിയ വിജയങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടന്‍ ദിലീപ്. ഒരു ഭാഗ്യത്തെയും താന്‍ നിഷേധിക്കുന്നില്ലെന്നും ദിലീപ്. 
 
മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം തുറന്നുപറയുന്നത്. 
 
“മഞ്ജു എനിക്കൊപ്പമുണ്ടായിരുന്ന സമയത്ത് എനിക്ക് വലിയ വിജയങ്ങളുണ്ടായിട്ടുണ്ട്. എന്റെ കരിയര്‍ ഒരു ഘട്ടത്തിലേക്കു കടന്ന കാലഘട്ടമാണത്. എന്നാല്‍ പരാജയങ്ങളും ഉണ്ട്. പതിനഞ്ചു വര്‍ഷം ഒരു ഫ്ളോപ്പ് പോലും ഉണ്ടാകാതിരുന്നിട്ടില്ലല്ലോ. രണ്ടര വര്‍ഷം എന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട സമയവുമുണ്ട്. ഭാഗ്യം കൂടെയുണ്ടെന്നു കരുതി വെറുതെയിരുന്നിട്ടു കാര്യമുണ്ടോ? നമ്മള്‍ നല്ല സിനിമയുടെ ഭാഗമാകുമ്പോള്‍ വിജയം വരും. അതൊരു ഭാഗ്യമാണ്. ഒരു ഭാഗ്യത്തെയും ഞാന്‍ നിഷേധിക്കുന്നില്ല” - ദിലീപ് പറയുന്നു. 
 
സമാധാനത്തോടെ കഴിയാന്‍ ആഗ്രഹമുള്ളതുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് അകന്നുനില്‍ക്കുന്നതെന്ന് ദിലീപ് പറയുന്നു. “കൊച്ചു കൊച്ചു കാര്യങ്ങളില്‍ സങ്കടപ്പെടുകയും തളരുകയും ചെയ്യുന്ന ആളാണ് ഞാന്‍. ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നടനാണ് ഞാന്‍. ഞാന്‍ തളര്‍ന്നിരുന്നാല്‍ എന്റെ ജോലി നടക്കില്ല” - ദിലീപ് പറയുന്നു.

വെബ്ദുനിയ വായിക്കുക