മഞ്ജുവാര്യര്‍ തിരിച്ചെത്തുന്നു, അമിതാഭ് ബച്ചന്‍ നായകന്‍, ഷൂട്ടിംഗ് ഗോവയില്‍!

വെള്ളി, 21 ജൂണ്‍ 2013 (16:50 IST)
PRO
മലയാള സിനിമാലോകത്തിന്‍റെയും പ്രേക്ഷകരുടെയും ആഗ്രഹം സഫലമാകുകയാണ്. മലയാളത്തിന്‍റെ എക്കാലത്തെയും മികച്ച നടി മഞ്ജു വാര്യര്‍ സിനിമാലോകത്തേക്ക് മടങ്ങിയെത്തുന്നു. അമിതാഭ് ബച്ചന്‍റെ നായികയായാണ് മഞ്ജു തിരിച്ചുവരവ് ആഘോഷമാക്കുന്നത്.

ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് മഞ്ജു സിനിമാലോകത്തേക്ക് വീണ്ടും എത്തുന്നത്. പരസ്യചിത്രത്തില്‍ അമിതാഭ് നായകനാകും. ഗോവയിലാണ് ചിത്രീകരണം.

ഈ മാസം അവസാനമാണ് പരസ്യചിത്രത്തിന്‍റെ ചിത്രീകരണം.

“അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചുകൊണ്ട് മടങ്ങിയെത്തുന്നത് അനുഗ്രഹമായി കാണുന്നു” - എന്ന് മഞ്ജു വാര്യര്‍ പ്രതികരിച്ചതായി ഒരു ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ചില വലിയ ബിസിനസ് ഗ്രൂപ്പുകള്‍ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി മഞ്ജു വാര്യരുമായി കരാര്‍ ഒപ്പിട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. അത് സത്യമാകുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കും സിനിമയിലേക്ക് മഞ്ജു തിരിച്ചെത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ‘രണ്ടാമൂഴം’ എന്ന പ്രൊജക്ടിലും മഞ്ജു നായികയാകുമെന്നറിയുന്നു. മമ്മൂട്ടിയും മോഹന്‍ലാലും കമലഹാസനും ആ സിനിമയുടെ ഭാഗമായിരിക്കുമെന്നാണ് അറിയുന്നത്.

അടുത്ത പേജില്‍ - മഞ്ജു അഭിനയിക്കുന്ന പരസ്യചിത്രം ഏത്?

ചിത്രത്തിന് കടപ്പാട് - മഞ്ജുവാര്യര്‍ ഡോട്ട് കോം

PRO
കല്യാണ്‍ ജ്യുവലേഴ്സിന്‍റെ പരസ്യ ചിത്രത്തിലാണ് മഞ്ജു വാര്യരും അമിതാഭ് ബച്ചനും ഒന്നിക്കുന്നത്. മൂന്ന് തെന്നിന്ത്യന്‍ ഭാഷകളില്‍ ഈ പരസ്യം ചിത്രീകരിക്കും. മൂന്ന് ഭാഷകളിലും മഞ്ജു ആയിരിക്കുമോ നായിക എന്ന് വ്യക്തമായിട്ടില്ല.

രസകരമായ വസ്തുത, കല്യാണ്‍ ജ്യുവലേഴ്സിന്‍റെ കഴിഞ്ഞ പരസ്യത്തില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചത് ദിലീപ് ആയിരുന്നു എന്നതാണ്. ദിലീപിന്‍റെ സ്ഥാനത്തേക്കാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍ എത്തുന്നത്. ഇത് പുതിയ റൂമറുകള്‍ക്ക് വഴിവയ്ക്കുമെന്നാണ് സൂചന.

14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഞ്ജു വാര്യര്‍ സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നത്. 1996ല്‍ മോഹന്‍ സംവിധാനം ചെയ്ത ‘സാക്‍ഷ്യം’ ആയിരുന്നു മഞ്ജു വാര്യരുടെ ആദ്യ സിനിമ. മൂന്ന് വര്‍ഷത്തിനിടെ അഭിനയരംഗത്തോട് വിടപറയുകയും ചെയ്തു. പക്ഷേ ഈ മൂന്നുവര്‍ഷത്തിനുള്ളില്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയായി മഞ്ജു വാര്യര്‍ മാറുകയായിരുന്നു.

കളിയാട്ടം, സല്ലാപം, കന്‍‌മദം, ആറാം തമ്പുരാന്‍, പത്രം, ഈ പുഴയും കടന്ന്, തൂവല്‍‌ക്കൊട്ടാരം, കണ്ണെഴുതി പൊട്ടും‌തൊട്ട്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, സമ്മര്‍ ഇന്‍ ബേത്‌ലഹേം തുടങ്ങിയ മികച്ച സിനിമകളില്‍ മഞ്ജു ഗംഭീര കഥാപാത്രങ്ങളെയാണ് മലയാളികള്‍ക്ക് നല്‍കിയത്.

ചിത്രത്തിന് കടപ്പാട് - മഞ്ജുവാര്യര്‍ ഡോട്ട് കാം

വെബ്ദുനിയ വായിക്കുക