മംഗലശ്ശേരി നീലകണ്ഠന് മമ്മൂട്ടിയുടെ മുഖമായിരുന്നു!

വെള്ളി, 21 ഒക്‌ടോബര്‍ 2016 (14:50 IST)
ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രം മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും മികച്ച വേഷപ്പകര്‍ച്ചകളില്‍ ഒന്നാണ്. എന്നാല്‍ ആ കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കേണ്ടിയിരുന്നതാണെന്നതാണ് വസ്തുത. മമ്മൂട്ടി അഭിനയിക്കാന്‍ ആഗ്രഹിച്ച വേഷമായിരുന്നു അത്. പക്ഷേ, വിധി ആ കഥാപാത്രത്തെ മോഹന്‍ലാലിന്‍റെ കൈകളിലെത്തിച്ചു.
 
നീലഗിരി എന്ന സിനിമയുടെ പരാജയമായിരുന്നു മമ്മൂട്ടിയും ഐ വി ശശിയും തമ്മില്‍ അകലാന്‍ കാരണം. ആ സിനിമ അക്ഷരാര്‍ത്ഥത്തില്‍ മോഹന്‍ലാലിനെ മനസില്‍ കണ്ട് രഞ്ജിത് രചിച്ചതാണ്. എന്നാല്‍ പെട്ടെന്ന് ഒരു മമ്മൂട്ടിച്ചിത്രം ചെയ്യേണ്ടതുകൊണ്ട് ഐ വി ശശി നീലഗിരിയുടെ തിരക്കഥ മമ്മൂട്ടിക്കായി ഉപയോഗിച്ചു. പടം കനത്ത പരാജയമായി.
 
അതിന് ശേഷം രണ്ട് ചിത്രങ്ങളുടെ കഥ മമ്മൂട്ടിക്കായി ഐ വി ശശി ഒരുക്കിയെങ്കിലും ആ പ്രൊജക്ടുകള്‍ നടന്നില്ല. അതിനിടെ ശശി സംവിധാനം ചെയ്ത കള്ളനും പൊലീസും, അപാരത എന്നീ സിനിമകള്‍ പരാജയങ്ങളുമായി. 
 
നീലഗിരിയുടെ ഷൂട്ടിംഗ് സമയത്തുതന്നെ ദേവാസുരത്തിന്‍റെ കഥ മമ്മൂട്ടിക്ക് അറിയാമായിരുന്നു. നീലകണ്ഠനെ അവതരിപ്പിക്കാന്‍ മമ്മൂട്ടി ആഗ്രഹിച്ചതുമാണ്. എന്നാല്‍ 1993ല്‍ ദേവാസുരത്തിന്‍റെ തിരക്കഥ രഞ്ജിത് പൂര്‍ത്തിയാക്കി വന്നപ്പോഴേക്കും മമ്മൂട്ടിയും ഐ വി ശശിയും തമ്മില്‍ മാനസികമായി ഏറെ അകന്നിരുന്നു. ഈ സിനിമയില്‍ മോഹന്‍ലാല്‍ നായകനാകട്ടെ എന്ന് ഐ വി ശശി നിശ്ചയിക്കുകയും ചെയ്തു.
 
ദേവാസുരം മഹാവിജയമായി. മംഗലശ്ശേരി നീലകണ്ഠന്‍ മലയാള സിനിമയില്‍ ആണത്തത്തിന്‍റെ ആള്‍‌രൂപമായി. മോഹന്‍ലാലിന്‍റെ താരപരിവേഷത്തിന് ഏറെ തിളക്കം നല്‍കിയ ചിത്രമായി ദേവാസുരം. 

വെബ്ദുനിയ വായിക്കുക