ബാഹുബലി 1000 കോടിയിലേക്ക്! ഇതു ബ്രഹ്മാണ്ഡ വിജയം!

വെള്ളി, 5 മെയ് 2017 (07:40 IST)
ഇന്ത്യന്‍ സിനിമ ഇനി രണ്ടു തരത്തിൽ ആയിരിക്കും അറിയപ്പെടുക. ബാഹുബലിക്ക് മുമ്പും ബാഹുബലിക്ക് ശേഷവും. ഇന്ത്യൻ സിനിമാ ചരിത്രത്തില്‍ എക്കാലത്തെയും വലിയ സാമ്പത്തിക വിജയം നേടി കുതിക്കുകയാണ് എസ് എസ് രാജമൗലിയുടെ 'ബാഹുബലി 2'. വെറും ആറ് ദിവസങ്ങള്‍ കൊണ്ടാണ് ഇന്ത്യയിലെ മെഗാഹിറ്റ് ചിത്രമായി ബാഹുബലി മാറിയത്.
 
ഇന്നലെ വരെ ആമിര്‍ഖാന്‍ നായകനായ 'പികെ' ആയിരുന്നു, ഇന്ത്യയിലെ പണംവാരി പടങ്ങളുടെ പട്ടികയിൽ ഒന്നാമത് നിന്നത്. ഈ റെക്കോർഡ് ആണ് ബാഹുബലി 2 തകർത്തിരിക്കുന്നത്. പികെയുടെ ആജീവനാന്ത ആഗോള കളക്ഷന്‍ 743 കോടി ആയിരുന്നെങ്കില്‍ ഒരാഴ്ച തികയും മുന്‍പേ ലോകമെമ്പാടും റിലീസ് ചെയ്ത 6500 സ്‌ക്രീനുകളില്‍ നിന്ന് എണ്ണൂറ് കോടി കളക്ഷനോട് അടുക്കുകയാണ് ബാഹുബലി.
 
ഇന്ത്യൻ ബോക്സ് ഓഫീസ് കണക്കുകൾ പ്രകാരം 792 കോടിയാണ് ചിത്രം ഇതിനകം നേടിയിരിക്കുന്നത്. മൂന്ന് ദിവസം കൂടി കഴിയുമ്പോൾ ചിത്രം ആയിരം കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. അങ്ങനെയെങ്കിൽ ആദ്യ 1000 കോടി കടക്കുന്ന ഇന്ത്യൻ സിനിമയെന്ന ചരിത്രവും ബാഹുബലിക്ക് സ്വന്തം. 
 
തെലുങ്കിനൊപ്പം ഹിന്ദി, മലയാളം, തമിഴ് ഭാഷകളിലും പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം 375 കോടിയാണ് ആറ് ദിവസംകൊണ്ട് നേടിയത്. നാല് ഭാഷകളില്‍ നിന്നുമായി ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ ചിത്രം നേടിയത് 624 കോടിയാണ്. 

വെബ്ദുനിയ വായിക്കുക