ഹിറ്റുകള്‍ ഉണ്ടാവുക സാധാരണയാണ്. എന്നാല്‍ ഇതുപോലെ ഒരു വിജയം വല്ലപ്പോഴും മാത്രമേ സംഭവിക്കുകയുള്ളൂ. 'ബാംഗ്ലൂര്‍ ഡെയ്സ്' എന്ന യുവതാര ചിത്രത്തെക്കുറിച്ചാണ് പറയുന്നത്. സൂപ്പര്‍ ബമ്പര്‍ മെഗാഹിറ്റ് എന്നാണ് തിയേറ്റര്‍ ഉടമകളും ട്രേഡ് പണ്ഡിറ്റുകളും ചിത്രത്തെ വിശേഷിപ്പിക്കുന്നത്.
കേരളത്തില്‍ 98 തിയേറ്ററുകളിലും കേരളത്തിന് പുറത്ത് 105 തിയേറ്ററുകളിലുമാണ് ബാംഗ്ലൂര്‍ ഡെയ്സ് റിലീസ് ചെയ്തത്. ആദ്യ ആഴ്ചത്തെ കളക്ഷന്‍ തന്നെ 10 കോടിയും കടന്ന് മുന്നേറി. വിതരണക്കാരുടെ ഷെയര്‍ 4.5 കോടി വന്നു. ഇത്രയും തകര്‍പ്പന്‍ ഇനിഷ്യല്‍ കളക്ഷന്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമാണ്. ദൃശ്യത്തിന്‍റെ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി ഈ അഞ്ജലി മേനോന്‍ ചിത്രം തകര്‍ക്കുകയാണ്.
യുവജനങ്ങളും കുടുംബപ്രേക്ഷകരും ചിത്രം ഏറ്റെടുത്തതോടെ സമീപകാലത്ത് റിലീസായ മറ്റ് ചിത്രങ്ങള്‍ മിക്കതും ബാംഗ്ലൂര്‍ ഡെയ്സിന്‍റെ പ്രഭയില്‍ മങ്ങിപ്പോയി. മഞ്ജു വാര്യരുടെ ഹൌ ഓള്‍ഡ് ആര്‍ യു മാത്രമാണ് ഈ സിനിമയ്ക്കൊപ്പം നിന്ന് മുന്നേറുന്നത്.
എന്തായാലും മലയാളത്തിന്‍റെ ഏറ്റവും വലിയ ഹിറ്റിന്‍റെ സംവിധാനം ഒരു വനിതയാണ് എന്നത് ചരിത്രത്താളുകളില്‍ ഇടംപിടിക്കുകയാണ്.