ഫഹദ് ഫാസില്‍ ചങ്ങമ്പുഴയാകും

തിങ്കള്‍, 24 ഡിസം‌ബര്‍ 2012 (11:34 IST)
PRO
മലയാളത്തിന്റെ മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള വെള്ളിത്തിരയില്‍ പുനര്‍ജ്ജനിക്കും. ‘അരികിലുണ്ടായിരുന്നെങ്കില്‍‘ എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ചങ്ങമ്പുഴയെ അവതരിപ്പിക്കും.

പ്രൊഫ എം കെ സാനു രചിച്ച 'ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം' എന്ന കൃതിയെ അധികരിച്ച് പ്രിയനന്ദനനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അരികിലുണ്ടായിരുന്നെങ്കില്‍ എന്ന് പേരിട്ട സിനിമയില്‍ ചങ്ങമ്പുഴ കൃഷ്ണപിള്ളയായി ഫഹദ് ഫാസിലാണ് അഭിനയിക്കുന്നത്. ചങ്ങമ്പുഴയുടെ ജീവിതം സിനിമയാക്കാന്‍ കിട്ടിയ അവസരം നിയോഗമായി കണക്കാക്കുന്നതായി സംവിധായകന്‍ പ്രിയനന്ദനന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജീവിതവും കവിതകളും ഉള്‍പ്പെടുത്തി കാല്‍പ്പനികമായ രീതിയിലാകും ചിത്രം ഒരുക്കുക. അടുത്തവര്‍ഷം ചിത്രീകരണം ആരംഭിക്കും. സത്യന്‍ കോളങ്ങാടാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ചങ്ങമ്പുഴയുടെ കവിതകള്‍ കൂടാതെ റഫീക് അഹമ്മദ് രചിച്ച ഗാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഷഹബാസ് അമനാണ് സംഗീതസംവിധായകന്‍. തുകലില്‍ ഫിലിംസിന്റെ ബാനറില്‍ ഷെമീര്‍ തുകലില്‍ ആണ് നിര്‍മ്മാണം. അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കും.

മുരളിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത 'നെയ്ത്തുകാരന്‍', 2007 ല്‍ ദേശീയതലത്തില്‍ത്തന്നെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 'പുലിജന്മം', 'സൂഫി പറഞ്ഞ കഥ'(2009), 'ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്'(2011) എന്നിവയാണ് പ്രിയനന്ദനന്‍ സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍

വെബ്ദുനിയ വായിക്കുക