ഫഹദ് ചിത്രം ആന്‍ഡ്രിയ ഉപേക്ഷിച്ചു, പകരം പൃഥ്വിയോടൊപ്പം!

വ്യാഴം, 2 മെയ് 2013 (14:31 IST)
PRO
ഫഹദ് ഫാസില്‍ - ആന്‍ഡ്രിയ ജെര്‍മിയ പ്രണയം ഇന്ന് മലയാളം - തമിഴ് സിനിമാലോകത്ത് ചൂടന്‍ ചര്‍ച്ചാ വിഷയമാണ്. ‘അന്നയും റസൂലും’ എന്ന സിനിമയ്ക്ക് ശേഷമാണ് ഇരുവരും പ്രണയത്തിലായത്. ഫഹദിന്‍റെ ഉള്ളിലാണ് ആദ്യം പ്രണയമുദിച്ചത്. പിന്നീട് പലവട്ടം ഇക്കാര്യം ആന്‍ഡ്രിയയെ അറിയിച്ചെങ്കിലും പ്രതികരണം നിരാശാജനകമായിരുന്നു. ഒടുവിലെപ്പൊഴോ ഫഹദിന്‍റെ സ്നേഹം ആന്‍ഡ്രിയ തിരിച്ചറിഞ്ഞു.

അപ്പോഴാണ് പ്രണയവാര്‍ത്തയ്ക്ക് ചൂട് പകര്‍ന്നുകൊണ്ട് ഈ ജോഡി വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത വന്നത്. ‘നോര്‍ത്ത് 24 കാതം’ എന്ന സിനിമയില്‍ ഫഹദിന് ആന്‍ഡ്രിയ നായികയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ കിട്ടുന്ന വിവരം അനുസരിച്ച്, ആന്‍ഡ്രിയ ഈ ഫഹദ് ചിത്രം വേണ്ടെന്നുവച്ചിരിക്കുകയാണ്.

ഡേറ്റില്ലാ‍ത്തതുകൊണ്ടാണ് ആന്‍ഡ്രിയ ഫഹദിനൊപ്പം അഭിനയിക്കാത്തത് എന്നാണ് ആന്‍ഡ്രിയയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. അതേസമയം, ഒരു മലയാള ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ ആന്‍ഡ്രിയ ഡേറ്റ് നല്‍കിയിരിക്കുകയാണ്. അനില്‍ സി മേനോന്‍ സംവിധാനം ചെയ്യുന്ന ‘ലണ്ടന്‍ ബ്രിഡ്ജ്’ എന്ന ചിത്രത്തിലാണ് പൃഥ്വിരാജിന് ആന്‍ഡ്രിയ നായികയാകുന്നത്.

“ലണ്ടന്‍ ബ്രിഡ്ജ് ഒരു ലവ് സ്റ്റോറിയാണ് പറയുന്നത്. ലണ്ടനിലും സ്കോട്ട്‌ലാന്‍ഡിലുമായി ചിത്രീകരണം പൂര്‍ത്തിയാകും” - ലണ്ടന്‍ ബ്രിഡ്ജിന്‍റെ തിരക്കഥാകൃത്ത് ജിനു ഏബ്രഹാം പറയുന്നു. പൃഥ്വിരാജിന്‍റെ ‘മാസ്റ്റേഴ്സ്’ എന്ന സിനിമയുടെ തിരക്കഥാകൃത്തും ജിനു ആയിരുന്നു. പ്രതാപ് പോത്തന്‍, മുകേഷ്, ലെന തുടങ്ങിയവരും വേഷമിടുന്ന ലണ്ടന്‍ ബ്രിഡ്ജിന്‍റെ ചിത്രീകരണം ജൂണ്‍ ഒന്നിന് യു കെയില്‍ ആരംഭിക്കും.

വെബ്ദുനിയ വായിക്കുക