മലയാള സിനിമയെടുക്കാന്‍ പദ്ധതിയുണ്ടോ എന്ന് പ്രിയദര്‍ശനോട് ചോദിച്ചാല്‍ ഇനി മറുപടി വൈകില്ല. ""ക്ഷമിക്കുക, ഞാനില്ല'' എന്നാകും ആ മറുപടി. ചോദ്യമുന്നയിക്കുന്നത് പ്രിയ സുഹൃത്ത് മോഹന്‍ലാലായാല്‍ പോലും ഈ ഉത്തരം മാറില്ലെന്നാണ് സിനിമാ ലോകത്തെ സംസാരം.
ഹാസ്യ സിനിമകളെടുത്ത് ഇനി തരം താഴാനും പ്രിയനെ കിട്ടില്ലത്രേ. "പൂച്ചക്കൊരു മൂക്കുത്തി'യില്‍ തുടങ്ങി "വെട്ടം' വരെ നീളുന്ന മലയാള ചിത്രങ്ങളിലൂടെ മലയാളിക്ക് ഓര്‍ത്തു ചിരിക്കാവുന്ന ഒട്ടേറെ നര്‍മ്മ രംഗങ്ങള്‍ സമ്മാനിച്ച പ്രിയന്‍റെ നോട്ടമിനി ഹോളിവുഡാണെന്നും സൂചനയുണ്ട്. അടുത്ത വര്‍ഷത്തോടെ ആഗോള നിലവാരമുള്ള സിനിമ - പ്രിയന്‍ ഉറച്ച തീരുമാനത്തിലാണ്.
ഇനി ഒരു മലയാളം സിനിമയെടുക്കാനുള്ള മൂഡ് തോന്നുന്നില്ലെന്നും അതിനാല്‍ തന്നെ ഇനി മലയാളത്തിലേക്കില്ലെന്നുമാണ് പ്രിയന്‍റെ പക്ഷം. മലയാള ചലച്ചിത്ര ലോകത്തേക്കുള്ള മടങ്ങിപ്പോക്കിനെ കോളജ് വിദ്യാര്‍ത്ഥി വീണ്ടും സ്കൂളിലേക്ക് പോകുന്നതിനോടാണ് പ്രിയന്‍ ഉപമിക്കുന്നതും. അതിനിടെ വാണിജ്യ സിനിമകള്‍ സംവിധാനം ചെയ്യാനില്ലെന്ന് പ്രിയന്‍ വ്യക്തമാക്കിയതായും സൂചനയുണ്ട്.
ചെന്നൈയില്‍ ലോകോത്തര നിലവാരമുള്ള സിനിമാ സ്റ്റുഡിയോ പ്രിയനുണ്ട്. അതുപയോഗിച്ച് നല്ല ചിത്രങ്ങള്‍ എടുക്കാനാണ് പ്രിയന്‍റെ തീരുമാനം. നിര്‍മ്മാണത്തിനും മറ്റാരും വേണ്ട. ഹാസ്യ സിനിമയെടുക്കുന്ന വ്യക്തിയില്‍ നിന്ന് ലോക പ്രശസ്ത സിനിമകളുടെ സംവിധായകന്‍ എന്ന പെരുമയിലേക്ക് നടന്നുകയറുകയാണ് പ്രിയന്‍റെ ലക്ഷ്യം.
ഇതിനിടയില്‍ മലയാള സിനിമയെ പ്രിയന് മറന്നേ പറ്റൂ. മലയാളത്തില്‍ അവസാനം ചെയ്ത "കാക്കക്കുയില്‍', "കിളിചുണ്ടന്‍ മാമ്പഴം', "വെട്ടം' എന്നീ ചിത്രങ്ങള്‍ക്ക് മലയാളികള്‍ക്കിടയില്‍ അംഗീകാരം കിട്ടാത്തതും പ്രിയനെ ഇതിന് പ്രേരിപ്പിച്ചിട്ടുണ്ടാകാം.
ഇടുങ്ങിയ വഴിയിലൂടെയാണ് മലയാള സിനിമ നീങ്ങുന്നതെന്നാണ് പ്രിയന്‍ നല്‍കുന്ന വിശദീകരണം. ബ്ളെസിയില്‍ മാത്രമാണ് മലയാള സിനിമയുടെ രക്ഷകനെ പ്രിയന്‍ കാണുന്നത്.
മലയാളത്തില്‍ നിന്നു വിട്ടാലും ഹിന്ദിയില്‍ സജീവമായി തുടരും. എന്നാല്‍ റീമേക്കുകള്‍ക്ക് പ്രിയന്‍ തയ്യാറാകില്ല. അശോക് അമൃതരാജിനായി പ്രിയനെടുക്കുന്ന പുതിയ സിനിമയിലൂടെ റീമേക്കുകളുടെ സംവിധായകനെന്ന ഇമേജും ഈ മലയാളി അഴിച്ചുവയ്ക്കും. വാണിജ്യ ലക്ഷ്യങ്ങളില്ലാതെ കലാമേന്മയ്ക്കായുള്ള പ്രിയന്‍റെ ശ്രമങ്ങള്‍ ഇവിടെ തുടങ്ങും.
"മലാമല്‍ വീക്കിലി' എന്ന ഈ ചിത്രത്തില്‍ റിതേഷ് മുഖര്‍ജി, ഓം പുരി, പ്രകാശ് റാവല്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ലോട്ടറി വില്‍പ്പനക്കാരനെ തേടിയെത്തുന്ന സൗഭാഗ്യം, അത് അയാളിലുണ്ടാക്കുന്ന മാറ്റങ്ങള്‍ ഇതാണ് സിനിമയുടെ കഥാതന്തു. ചെലവ് ഏറെ വരുത്താതെ പ്രിയനെടുക്കുന്ന ആദ്യ ഹിന്ദി ചിത്രവും ഇതാണ്.
ഇതിന്‍റെ വിജയ പരാജയങ്ങളാകും പ്രിയന്‍റെ അടുത്ത സിനിമ നിര്‍ണ്ണയിക്കുക. കലാപരമായി ഇത് അംഗീകരിക്കപ്പെട്ടാല്‍ അത് പ്രിയന് കൂടുതല്‍ കരുത്ത് പകരും. ഇതിനിടയില്‍ ഹോളിവുഡിലേയ്ക്ക് ചുവടുവയ്ക്കാനുള്ള ശ്രമങ്ങളും ഫലിക്കുമെന്നാണ് പ്രിയനോട് അടുപ്പമുള്ളവര്‍ പറയുന്നത്.