പൃഥ്വിരാജ് ഗോഡ്സെയാകുന്നു, വിവാദങ്ങള്‍ പുകയുമോ?

തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2012 (13:29 IST)
PRO
പൃഥ്വിരാജ് ഗോഡ്സെയാകുന്നു. ‘ഡി കമ്പനി’ എന്ന ആന്തോളജി ചിത്രത്തിലെ ലഘുചിത്രമായ ‘ഗോഡ്സെ’ എന്ന സൈക്കോളജിക്കല്‍ ത്രില്ലറിലാണ് പൃഥ്വിരാജ് മഹാത്‌മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയാകുന്നത്. ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

“യഥാര്‍ത്ഥത്തില്‍ ഗോഡ്സെ ഒരു നാല് - അഞ്ച് അടിക്ക് ഇടയില്‍ ഉയരമുള്ള വ്യക്തിയാണ്. പക്ഷേ നമ്മള്‍ ഉദ്ദേശിക്കുന്നത് അതിലും കൂടുതല്‍ ലുക്ക് ഉള്ള ഒരു ഗോഡ്സെയെയാണ്” - പൃഥ്വിരാജിനെ ഗോഡ്സെയാകാന്‍ പരിഗണിച്ചതിനെ ഷാജി കൈലാസ് ന്യായീകരിക്കുന്നതിങ്ങനെയാണ്.

രാജേഷ് ജയരാമനും ഷാജി കൈലാസും ചേര്‍ന്നാണ് ഗോഡ്സെയ്ക്ക് തിരക്കഥ രചിക്കുന്നത്. എന്തിനാണ് ഗോഡ്സെ ഗാന്ധിജിയെ വധിച്ചത് എന്ന കാരണം കണ്ടെത്താനുള്ള ശ്രമമാണ് ഷാജി കൈലാസ് ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നത്.

അടുത്ത പേജില്‍ - ഗോഡ്സെ കലഹിച്ചത് ആദര്‍ശത്തിനെതിരെ: ഷാജി കൈലാസ്

PRO
വ്യക്തിക്കെതിരെയല്ല ഗോഡ്സെ കലഹിച്ചതെന്നും ആദര്‍ശത്തിനെതിരെയാണെന്നും ഷാജി കൈലാസ് പറയുന്നു. “ഒരുപാട് ഗവേഷണം നടത്തിയാണ് ഞാന്‍ ഗോഡ്സെ എന്ന ചിത്രം എടുക്കുന്നത്. ഗോഡ്സെ എന്ന മനുഷ്യനെക്കുറിച്ചാണ് ഞാന്‍ ഈ സിനിമ ചെയ്യുന്നത്. ഇന്ത്യയെ രണ്ടായി മുറിച്ചാല്‍ എന്‍റെ ദേഹത്തുകൂടെയേ അത് വരൂ എന്ന് പ്രഖ്യാപിച്ച മഹാത്മജിയെയാണ് ഗോഡ്സെ ഇഷ്ടപ്പെട്ടിരുന്നത്. ഒരു സുപ്രഭാതത്തില്‍ ഗാന്ധിജിക്ക് തന്‍റെ നിലപാടില്‍ നിന്ന് പിന്നാക്കം പോകേണ്ടിവന്നു. അതിന്‍റെ ദേഷ്യമാണ് ഗോഡ്സെ തീര്‍ത്തത്. ഗോഡ്സെ കലഹിച്ചത് വ്യക്തിക്കെതിരെയല്ല, ആദര്‍ശത്തിനെതിരെയായിരുന്നു” - ഷാജി കൈലാസ് വ്യക്തമാക്കി.

“ഇത് അര മണിക്കൂര്‍ മാത്രമുള്ള ഒരു സിനിമയാണ്. ഒരു വ്യക്തിയുടെ ജീവിതത്തെ സംബന്ധിക്കുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍. ഏതൊരു സാധാരണ മനുഷ്യനും ഈയൊരു അവസ്ഥ ഉണ്ടാകാം. ഒരു മനുഷ്യനെ കൊല്ലാന്‍ പോകുന്നതിന് പന്ത്രണ്ട് മണിക്കൂര്‍ മുമ്പ് അയാള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഷാജി കൈലാസ് പറയുന്നു.

അടുത്ത പേജില്‍ - വിവാദങ്ങളുണ്ടായേക്കാം, അതൊന്നും കാര്യമാക്കുന്നില്ല !

PRO
ഗാന്ധിഘാതകനായ ഗോഡ്സെയെക്കുറിച്ച് സിനിമയെടുക്കുമ്പോള്‍ വിവാദങ്ങള്‍ ഉയരാനുള്ള സാധ്യത കൂടുതലാണെന്നും എന്നാല്‍ അതൊന്നും കാര്യമാക്കുന്നില്ലെന്നുമുള്ള നിലപാടിലാണ് ഷാജി കൈലാസ്. “ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് ഗോഡ്സെ. മഹാത്‌മജിയെ കൊന്ന ഗോഡ്സെയെ അല്ല നമുക്ക് വേണ്ടത്. എന്തിനാണ് ഗാന്ധിജിയെ ഗോഡ്സെ കൊന്നത് എന്ന കാരണമാണ് വേണ്ടത്. വിവാദങ്ങളുണ്ടാകാം, പക്ഷേ അത് കാണിച്ചുകൊടുക്കണമല്ലോ. ഒരു സൈക്കോളജിക്കല്‍ ട്രീറ്റുമെന്‍റാണ് ഞാന്‍ സ്വീകരിക്കുന്നത്” - ഷാജി വ്യക്തമാക്കി.

“ഗോഡ്സെയെ മഹത്വവത്കരിക്കാനൊന്നും ഞാന്‍ ഈ ചിത്രത്തില്‍ ശ്രമിക്കുന്നില്ല. നമ്മള്‍ അറിയുന്ന ഗോഡ്സെയുടെ അറിയപ്പെടാത്ത മുഖം കണ്ടെത്താനുള്ള ശ്രമമാണ്. ‘ദൈവം പറയുന്നത്’ എന്നാണ് ഗോഡ്സെ എന്ന വാക്കിന് അര്‍ത്ഥം. ആരെയും ഉപദ്രവിക്കരുത്, കൊല്ലരുത് എന്നാണ് ദൈവം പറയുന്നത്. എന്നിട്ടും അയാള്‍ ഗാന്ധിജിയെ കൊന്നു” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഷാജി കൈലാസ് പറയുന്നു.

വെബ്ദുനിയ വായിക്കുക