പൃഥ്വിരാജ് ഒന്നാന്തരം വില്ലന്‍, വില്ലത്തരം നേരില്‍ത്തന്നെ കണ്ടുനോക്കൂ...

ശനി, 5 മാര്‍ച്ച് 2016 (18:50 IST)
പൃഥ്വിരാജിന്‍റെ പുതിയ ചിത്രം ‘ഡാര്‍വിന്‍റെ പരിണാമം’ ഏത് ജോണറിലുള്ള കഥയായിരിക്കുമെന്ന് ഒരു സൂചനയും നല്‍കാതെ ചിത്രീകരണം പൂര്‍ത്തിയാക്കുകയാണ്. കൊന്തയും പൂണൂലും സംവിധാനം ചെയ്ത ജിജോ ആന്‍റണിയാണ് ചിത്രം ഒരുക്കുന്നത്. ജിജോയുടെ ആദ്യ ചിത്രത്തില്‍ നിന്ന് വിഭിന്നമായി ഇതൊരു കോമഡി എന്‍റര്‍ടെയ്നറായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അതിനൊക്കെ അപ്പുറത്തുള്ള എന്തോ ഒരു കാര്യമാണ് ഈ സിനിമ പറയുന്നതെന്നാണ് വിവരം.
 
പൃഥ്വിരാജിന്‍റെ നിര്‍മ്മാണക്കമ്പനിയായ ഓഗസ്റ്റ് സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജീവിതത്തില്‍ വില്ലത്തരം മാത്രം കാണിച്ച് ജീവിച്ച ഒരാള്‍, മറ്റൊരാള്‍ ജീവിതത്തിലേക്ക് കടന്നുവരുന്നതോടെ ആകെ മാറുന്നതാണ് ചിത്രത്തിന്‍റെ പ്രമേയമെന്ന് സൂചനയുണ്ടായിരുന്നു. ‘ഓരോ നായകനും മറ്റൊരാളുടെ കഥയിലെ വില്ലനാണ്’ എന്നാണ് ചിത്രത്തിന്‍റെ ഒരു ടാഗ് ലൈന്‍. 
 
സിനിമയുടെ ടീസര്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. സൂപ്പര്‍ ടീസര്‍ എന്നാണ് അഭിപ്രായം ഉയര്‍ന്നിരിക്കുന്നത്. അനില്‍ ആന്‍റോ, ഗോറില്ല ഡാര്‍വിന്‍ എന്നീ കഥാപാത്രങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്. 
 
വളരെ വ്യത്യസ്തമായ ഒരു നറേറ്റീവ് സ്റ്റൈലാണ് ചിത്രത്തില്‍ സ്വീകരിക്കുന്നത്. കഥ കേട്ട് ഇഷ്‌ടപ്പെട്ട പൃഥ്വി ചിത്രത്തിന്‍റെ നിര്‍മ്മാണച്ചുമതലയും ഏറ്റെടുക്കുകയായിരുന്നു. 
 
ചാന്ദ്‌നി ശ്രീധര്‍ നായികയാകുന്ന ഡാര്‍വിന്‍റെ പരിണാമം മാര്‍ച്ച് 18ന് പ്രദര്‍ശനത്തിനെത്തും. പൃഥ്വിയുടെ ‘ജയിംസ് ആന്‍ഡ് ആലീസ്’ ഏപ്രില്‍ 29നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക