പൃഥ്വിരാജിന് ഓണത്തിന് പടമില്ല, ലണ്ടന്‍ ബ്രിഡ്ജ് നിര്‍ത്തി പൃഥ്വി തമിഴ് പടത്തിന് പോയി!

ബുധന്‍, 21 ഓഗസ്റ്റ് 2013 (16:17 IST)
PRO
ഈ ഓണത്തിന് പൃഥ്വിരാജിന് സിനിമയില്ല. പൃഥ്വിയുടെ ഓണച്ചിത്രമായി തീരുമാനിച്ചിരുന്ന ‘ലണ്ടന്‍ ബ്രിഡ്ജ്’ ചിത്രീകരണം നിര്‍ത്തിവച്ചു. തമിഴ് സിനിമയുടെ ഷൂട്ടിംഗില്‍ പങ്കെടുക്കേണ്ടതിനായി പൃഥ്വിരാജിന് പോകേണ്ടിവന്നതോടെയാണ് ലണ്ടന്‍ ബ്രിഡ്ജ് പാതിവഴിയില്‍ നിര്‍ത്തിയത്.

വസന്തബാലന്‍ സംവിധാനം ചെയ്യുന്ന ‘കാവ്യതലൈവന്‍’ എന്ന സിനിമയുടെ ഷൂട്ടിംഗിനായാണ് പൃഥ്വി പോയത്. അതോടെ ഓണത്തിന് എത്തിക്കാനായി ധൃതഗതിയില്‍ പുരോഗമിച്ചിരുന്ന ലണ്ടന്‍ ബ്രഡ്ജിന്‍റെ കാര്യം അവതാളത്തിലായി.

ഓണത്തിന് എത്തേണ്ടിയിരുന്ന ലണ്ടന്‍ ബ്രിഡ്ജിന് പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി ഒക്ടോബര്‍ 25 ആണ്. പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിക്കുന്ന ലണ്ടന്‍ ബ്രിഡ്ജില്‍ പൃഥ്വിയെ കൂടാതെ ആന്‍ഡ്രിയ, മുകേഷ് തുടങ്ങിയവരും താരങ്ങളാണ്. ഒരു ത്രികോണ പ്രണയകഥയാണ് ഈ സിനിമ പറയുന്നത്. മാസ്റ്റേഴ്സ് എന്ന സിനിമയുടെ തിരക്കഥാകൃത്ത് ജിനു ഏബ്രഹാമാണ് ലണ്ടന്‍ ബ്രിഡ്ജിന് രചന നിര്‍വഹിക്കുന്നത്. രാഹുല്‍ രാജാണ് ഈ സിനിമയുടെ സംഗീതം.

മോഹന്‍ലാലിനും ഇത്തവണ ഓണച്ചിത്രം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ഓണം സീസണ്‍ പൂര്‍ണമായും കീഴടക്കാന്‍ മമ്മൂട്ടിക്ക് കഴിയുമെന്നാണ് ഇന്‍ഡസ്ട്രി പണ്ഡിറ്റുകള്‍ പ്രവചിക്കുന്നത്.

വെബ്ദുനിയ വായിക്കുക