ബോളിവുഡില്‍ പൃഥ്വിരാജ് മാനിയ! ‘അയ്യ’ എന്ന സിനിമയ്ക്ക് വലിയ വിജയം നേടാനായില്ലെങ്കിലും പൃഥ്വി അവിടെ താരമായിരിക്കുകയാണ്. ബോളിവുഡ് മാധ്യമങ്ങളെല്ലാം ഇപ്പോള്‍ ഈ നടനെക്കുറിച്ചാണ് പറയുന്നത്. പൃഥ്വിരാജിന്റെ സിക്സ് പായ്ക്ക് പ്രദര്‍ശനവും സെക്സി ഗാനരംഗവും ചാനലുകളില്‍ ടോപ് ഹോട്ട് ഷോയാണ്.
പൃഥ്വിരാജും റാണി മുഖര്‍ജിയുമൊത്തുള്ള ഗാനരംഗം വന്‍ ഹിറ്റായതോടെ അസ്വസ്ഥരായത് ബോളിവുഡിലെ മസില്മാന്മാരാണ്. ഇപ്പോള്‍ തന്നെ ‘ബ്ലാക്ക് സല്മാന്’ എന്ന് പ്രകീര്ത്തിക്കപ്പെട്ടിരിക്കുകയാണ് പൃഥ്വി. എന്നാല്‍ പൃഥ്വിയുടെ വരവ് സല്‍മാനേക്കാള്‍ അസ്വസ്ഥപ്പെടുത്തിയിരിക്കുന്നത് പകുതി മലയാളി കൂടിയായ ബോളിവുഡ് സെക്സ് സിംബല്‍ ജോണ്‍ ഏബ്രഹാമിനെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പൃഥ്വിയുടെ ശരീരപ്രദര്‍ശനം സൃഷ്ടിച്ച ഓളത്തിന് തൊട്ടുപിന്നാലെ ജോണ്‍ ഏബ്രഹാമിന്റെ കമന്റ് വന്നുകഴിഞ്ഞു. “ഒരു ആണ് സെക്സ് സിംബലിന് ശരീരം പ്രദര്‍ശിപ്പിക്കുകയോ മസില് കാണിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. വസ്ത്രത്തിനുള്ളില്‍ തന്നെ ഒരു ടോണ്‍ഡ് ബോഡി ശ്രദ്ധിക്കപ്പെടും” - ജോണ്‍ ഏബ്രഹാം വ്യക്തമാക്കുന്നു.
എന്നാല്‍ പൃഥ്വിരാജ് ഇതിനോട് വളരെ പക്വമായാണ് പ്രതികരിച്ചത്. “ഞാന്‍ എന്നെ ജോണ്‍ ഏബ്രഹാമുമായി താരതമ്യപ്പെടുത്തുന്നില്ല. ദക്ഷിണേന്ത്യയില്‍ ഞാന്‍ ഒരു വിജയതാരമാണ് എന്നത് ബോളിവുഡില്‍ എനിക്ക് സഹായകമാകില്ല എന്ന് വ്യക്തമായറിയാം. ഇവിടെ നിലനില്ക്കണമെങ്കില് കഠിനാദ്ധ്വാനം ആവശ്യമാണ്. ഹിന്ദിയിലെ എസ്റ്റാബ്ലിഷ്ഡ് ആക്ടേഴ്സുമായുള്ള താരതമ്യത്തിന്റെ ആവശ്യമില്ല“ - പൃഥ്വിരാജ് പറയുന്നു.