വളരെ സെലക്ടീവാണ് ഇളയദളപതി വിജയ്. ദിനംപ്രതി പത്തിലധികം കഥകള്‍ കേള്‍ക്കാനുള്ള സംവിധാനം വിജയ് ഒരുക്കിയിട്ടുണ്ടെന്നാണ് സൂചന. എന്തെങ്കിലും സ്പാര്‍ക് തോന്നിയാലുടന്‍ ആ കഥയ്ക്കായി കൂടുതല്‍ സമയം ചെലവഴിക്കും. വിജയുടെ അടുത്ത സിനിമയ്ക്കായി പത്തിലധികം സംവിധായകര്‍ തിരക്കഥ സമര്‍പ്പിച്ച് കാത്തിരുന്ന സംഭവം അറിയാമല്ലോ. ഒടുവില്‍ ഭരതന്‍ എന്ന സംവിധായകന് അവസരം ലഭിച്ചു.
എ ആര്‍ മുരുഗദോസ്, ശശികുമാര്‍, എസ് ജെ സൂര്യ തുടങ്ങിയ വമ്പന്‍മാര്‍ വിജയുടെ ഡേറ്റിനായി കാത്തിരിക്കുന്നു. അതിനിടെയാണ് പുതിയൊരു വാര്‍ത്ത ലഭിക്കുന്നത്. നടന്‍ ജയം രവി രണ്ട് തിരക്കഥകള്‍ എഴുതി പൂര്‍ത്തിയാക്കിക്കഴിഞ്ഞത്രേ. അതിലൊന്നില്‍ നായകനായി ജയം രവി മനസില്‍ കാണുന്നത് വിജയിനെയാണ്!