നസ്രിയയോട് ഫഹദ് പറയുന്നു - “ആര്‍ക്കുവേണ്ടിയും അഭിനയിക്കരുത്” !

തിങ്കള്‍, 29 ഫെബ്രുവരി 2016 (13:52 IST)
കല്യാണം കഴിച്ച് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ നസ്രിയ കേള്‍ക്കാന്‍ തുടങ്ങിയതാണ് ആ ചോദ്യം. എന്നാണ് മടങ്ങിവരുന്നത്? ! അതേ ചോദ്യം തന്നെ ഫഹദ് ഫാസിലിനോടും എല്ലാവരും ചോദിക്കുന്നു - നസ്രിയ എന്ന് മടങ്ങിവരും?. എന്നാല്‍ ഏറ്റവും സങ്കടകരമായ ഒരു ചോദ്യം വേറെയുണ്ട് - ഫഹദ് അനുവദിക്കാത്തതുകൊണ്ടാണോ നസ്രിയ അഭിനയിക്കാത്തത്?
 
യഥാര്‍ത്ഥത്തില്‍ വിവാഹം കഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ തന്നെ ഫഹദ് നസ്രിയയോട് ചോദിച്ചതാണ് - എന്താ, ഇനി അഭിനയിക്കുന്നില്ലേ എന്ന്. നല്ല പ്രൊജക്ടുകള്‍ വരുമ്പോള്‍ മാത്രം അഭിനയിക്കാം എന്നത് നസ്രിയയുടെ തീരുമാനമാണ്.
 
“ഞാന്‍ പറയാറുണ്ട്, നസ്രിയ ആര്‍ക്കുവേണ്ടിയും അഭിനയിക്കരുത്. നസ്രിയയ്ക്ക് വേണ്ടി അഭിനയിക്കണം. നസ്രിയയ്ക്ക് കൊതി തോന്നുന്ന ഒരു സിനിമ വന്നാല്‍ വിടരുത്” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ വെളിപ്പെടുത്തുന്നു.
 
കൊതിതോന്നുന്ന ഒരു പ്രൊജക്ട് നസ്രിയയെ തേടി ഇതുവരെ എത്തിയിട്ടില്ലെന്നതാണ് സത്യം. ഓം ശാന്തി ഓശാന പോലെയോ ബാംഗ്ലൂര്‍ ഡെയ്സ് പോലെയോ ഒരു സിനിമ വന്നാല്‍ ആ സിനിമ ചെയ്യുമെന്ന് നസ്രിയ പറയുന്നു. ഒത്തുവന്നാല്‍ ആ സിനിമ ഈ വര്‍ഷം തന്നെ സംഭവിക്കുമെന്നും നസ്രിയ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക