നത്തോലി ഒരു നല്ല മീനല്ല!

തിങ്കള്‍, 11 ഫെബ്രുവരി 2013 (19:14 IST)
PRO
PRO
‘’അങ്ങനെ പവനായി ശവമായി‘’ നത്തോലി കണ്ടിറങ്ങിയ ഫഹദ് ആരാധകരുടെ ആത്മഗതം ആണിത്. വ്യത്യസ്തമായ കഥാഗതിയും കഥനരീതിയുമാണെങ്കിലും നത്തോലി ആരാധകര്‍ക്ക് ഒരു ചീഞ്ഞ മീനായി. സമാന്തരമായി മറ്റൊരു വിഭാഗം ഫഹദിന്‍റെ വേറിട്ട മുഖമെന്ന പുകഴ്ത്തലുമുണ്ട്. രണ്ടു ഗെറ്റപ്പുകളില്‍ ഫഹദ് എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പ്രേമനെന്നും നരേന്ദ്രനുമെന്ന കഥാകൃത്തും നോവലിലെ നായകനുമായുള്ള അഭിനയം ഫഹദ് മോശമാക്കിയില്ല. എന്നാല്‍ കഥാ തിരക്കഥാ രചനയിലെ പാ‍ളിച്ചകളും കടമെടുക്കലും ഏച്ചുകെട്ടിയ തോന്നല്‍ കാഴ്ചക്കാരിലുണ്ടാക്കുന്നുണ്ട്. വളരെ ബോള്‍ഡായ ഡയലോഗുകളും ദ്വയാര്‍ഥ പ്രയോഗം നിറഞ്ഞ ചുവയോടു കൂടി അവതരിപ്പിച്ചാല്‍ ന്യൂജനറേഷന്‍ സിനിമയാകുമെന്ന ധാരണ കഥാകൃത്തിനുണ്ടെന്നു തോന്നും പല സീനുകള്‍ കണ്ടാല്‍.

നത്തോലി എന്ന പേരില്‍ അറിയപ്പെടുന്ന കഥാകാരന്‍ തന്റെ ഭ്രമാത്മകമായ ഭാവനലോകത്തിലൂടെ നടത്തുന്ന യാത്രയെന്ന ഒറ്റവാക്കില്‍ ചിത്രത്തിന്റെ ഇതിവൃത്തം വ്യക്തമാകും. നിലവിലുള്ള അവസ്ഥയില്‍ തന്റെ സ്വപ്നങ്ങളെല്ലാം വിദൂരത്താണെന്ന ബോധമുള്ള കഥാകാരന്‍ കഥാപാത്രമായി ജീവിക്കാന്‍ തുടങ്ങുകയും ആ അവസ്ഥയില്‍ നിന്ന് അയാള്‍ക്ക് പിന്‍‌വാങ്ങാനാവാതെ നില്‍ക്കുകയും ചെയ്യുന്നിടത്ത് ചിത്രം വഴിത്തിരിവിലെത്തുന്നു. കാമുകി വരെ നഷ്ടപ്പെടുന്ന നിസഹായവസ്ഥയില്‍ തന്റെ സ്വത്വം തിരിച്ചറിയുന്നതും വീണ്ടെടുക്കാനാവാതെ കുഴങ്ങുന്നിടത്തും നത്തോലി നരേന്ദ്രന്‍ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നു, എന്നാല്‍ കഥയുടെ വൈവിധ്യം പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്നതില്‍ തിരക്കഥാകൃത്തായ ശങ്കര്‍ രാമകൃഷ്ണന്‍ പരാജയപ്പെടുന്നു. ഉറുമിയിലുണ്ടായിരുന്ന കൈയടക്കം പ്രതീക്ഷിച്ചു സിനിമ കാണുന്ന കാഴ്ചക്കാരന് വിരസതയുളവാകുക സ്വാഭാവികം. അതു തന്നെയാണ് നത്തോലിക്ക് സംഭവിച്ചതും. പാചകം ചെയ്ത് അവസാനം ‘മീന്‍ അവിയല്‍‘ വെക്കേണ്ടി വന്നുവെന്നതാണ് സത്യം.

ഫാന്റസിയുടെ ഓളപ്പരപ്പും മാജിക്കല്‍ റിയലിസത്തിന്റെ സ്പര്‍ശം കലര്‍ന്ന സിനിമ ഒരു നല്ല വിരുന്നാക്കി മാറ്റാന്‍ കഴിയുമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ക്ക്. അതേ സമയം അരുണ്‍ ജെയിംസിന്റെ ഛായാഗ്രഹണവും മഹേഷ് നാരായണന്റെ എഡിറ്റിംഗും ശ്രദ്ധേയമാണ്.

വി കെ പ്രകാശിന്റെ മുന്‍ ചിത്രങ്ങളിലേതു പോലെ പല വിദേശസിനിമകളുടെയും സ്വാധീനം ചിത്രത്തിലുണ്ട്. നിക്കോളാസ് കേജ് നായകനായ ‘ദി ഫാമിലി മാന്‍’, വുഡി അലന്റെ ‘മിഡ്നൈറ്റ് ഇന്‍ പാരീസ്’ എന്നീ ചിത്രങ്ങള്‍ നായകന്റെ സമാന്തരഭാവനയുടെ കഥ പറയുന്നവയാണ്. ഇറാനിയന്‍ സംവിധായകന്‍ കിയരോസ്മിയുടെ പല ചിത്രങ്ങളും ഇതേ ഗണത്തില്‍ പെടുത്താവുന്നവയാണ്. ഇവയുടെയെല്ലാം കഷണങ്ങള്‍ കൂട്ടിവെച്ച മീന്‍ അവിയലാണ് ഈ നത്തോലിയും.

വെബ്ദുനിയ വായിക്കുക