ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് അജു വര്‍ഗീസാണ്. തളത്തില്‍ ദിനേശനെന്നും ശോഭയെന്നുമാണ് കേന്ദ്ര കഥാപാത്രങ്ങളുടെ പേരെങ്കിലും ചിത്രം വടക്കുനോക്കിയന്ത്രത്തിന്‍റെ രണ്ടാം ഭാഗമോ ആ ചിത്രവുമായി എന്തെങ്കിലും ബന്ധമോ ഉണ്ടാവില്ല. ഈ സിനിമയിലെ ദിനേശനും അല്‍പ്പം അപകര്‍ഷതാ ബോധമൊക്കെയുള്ള ആളാണ്. കഥ പൂര്‍ണമായും ചെന്നൈയിലാണ് നടക്കുന്നത്.
അച്ഛന്‍ ശ്രീനിവാസന്റെ പാത പിന്തുടര്‍ന്നാണ് വിനീത് ശ്രീനിവാസന്‍ സിനിമയിലേക്കെത്തിയത്. അഭിനയവും ആലാപനവും സംവിധാനവുമൊക്കെയായി മലയാള സിനിമയില്‍ ഇതിനോടകം തന്നെ വിനീത് ഇടം പിടിച്ചു കഴിഞ്ഞു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെയാണ് ധ്യാന്‍ ശ്രീനിവാസന്‍ സിനിമയിലേക്കെത്തിയത്. അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് അന്നേ താരം വ്യക്തമാക്കിയിരുന്നു.
ധ്യാനിന്റെ സിനിമാ ലോഞ്ചിങ്ങില്‍ അസാന്നിധ്യം കൊണ്ടാണ് വിനീത് ശ്രീനിവാസന്‍ ശ്രദ്ധിക്കപ്പെട്ടത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ വിനീത് നല്‍കിയ മറുപടിയാണ് അതിലേറെ രസകരമായത്. ‘ഞാന്‍ ചെന്നൈയില്‍ എന്റെ കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റുന്ന തിരക്കിലാണ്‘ എന്നായിരുന്നു വിനീതിന്റെ മറുപടി. ഇപ്പോള്‍ ഈ മറുപടി സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിട്ടുണ്ട്.
എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് ധ്യാന്‍ എഴുതിത്തുടങ്ങിയ കഥയാണിത്. ഇടയ്ക്ക് ഇത് ഒരു ഷോര്‍ട്ട് ഫിലിമായും ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍, തട്ടത്തിന്‍ മറയത്ത് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ സമയത്ത് ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന ഈ സിനിമ ലോഞ്ച് ചെയ്യുകയാണ്. ശ്രീനിവാസന്‍ ഈ സിനിമയില്‍ അഭിനയിക്കുമോ എന്ന് അറിയില്ലെന്നും അദ്ദേഹത്തോട് കഥ പറഞ്ഞിട്ടില്ലെന്നും ധ്യാന്‍ ശ്രീനിവാസന്‍ വ്യക്തമാക്കി.