ദുല്‍ക്കറും നിവിന്‍ പോളിയും വന്നപ്പോള്‍ പൃഥ്വിക്ക് തിയേറ്ററില്ല, സിംഹാസനം ഇനി എന്നുവരും?
ബുധന്‍, 11 ജൂലൈ 2012 (22:16 IST)
PRO
വലിയ പ്രതീക്ഷയോടെ ഏവരും കാത്തിരുന്ന സിനിമയാണ് സിംഹാസനം. ത്രില്ലര്‍ രാജാവ് ഷാജി കൈലാസും ബിഗ്സ്റ്റാര്‍ പൃഥ്വിരാജും ഒരുമിച്ച ചിത്രം. മരിയോ പുസോയുടെ ഗോഡ്ഫാദറില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട, മോഹന്‍ലാലിന്‍റെ നാടുവാഴികളുടെ ചുവടുപിടിച്ചൊരുക്കിയ ആക്ഷന്‍ ഡ്രാമ. ജൂലൈ ആറിന് ചിത്രം പ്രദര്‍ശനത്തിനെത്താനിരുന്നതാണ്.
റിലീസിന്‍റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷം പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്. ചിത്രം തല്‍ക്കാലം റിലീസ് ചെയ്യുന്നില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. പലരും പല കാരണങ്ങള്‍ പറഞ്ഞു. എന്തായാലും, ഷാജി കൈലാസ് - പൃഥ്വിരാജ് ടീമിന്‍റെ ആക്ഷന്‍ സിനിമ പ്രതീക്ഷിച്ച് കാത്തിരുന്ന പ്രേക്ഷകര്‍ കടുത്ത നിരാശയിലാണ്.
“ജൂലൈ രണ്ടിനുതന്നെ പൃഥ്വിരാജ് ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതാണ്. പോസ്റ്റ്പ്രൊഡക്ഷന്‍ ജോലികളെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ അന്‍വര്‍ റഷീദ് - ദുല്‍ക്കര്‍ സല്‍മാന്‍ ടീമിന്‍റെ ഉസ്താദ് ഹോട്ടലും വിനീത് ശ്രീനിവാസന്‍ - നിവിന്‍ പോളി ടീമിന്‍റെ തട്ടത്തിന്‍ മറയത്തും റിലീസാകുന്നത് സിംഹാസനത്തിന് ലഭിക്കേണ്ട തിയേറ്ററുകളുടെ എണ്ണം സംബന്ധിച്ച് ആശങ്കയുളവാക്കി. അതിനാല്‍ റിലീസ് മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു” - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംവിധായകന്‍ ഷാജി കൈലാസ് പറയുന്നു.
ദുല്‍ക്കര്‍ സല്‍മാന്‍റെയും നിവിന്‍ പോളിയുടെയുമൊക്കെ സിനിമ റിലീസ് ചെയ്യുമ്പോള്‍ പൃഥ്വിരാജ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ വേണ്ടത്ര തിയേറ്ററുകള്‍ ലഭിക്കുന്നില്ല എന്നത് സിനിമാലോകത്ത് അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. ‘ഈച്ച’ എന്ന തെലുങ്ക് ഡബ്ബിംഗ് ചിത്രത്തിന്‍റെ വരവും സിംഹാസനം മാറ്റിവയ്ക്കാന്‍ നിര്‍മ്മാതാവിനെ പ്രേരിപ്പിച്ചതായാണ് സൂചന.
നിര്‍മ്മാതാവ് എസ് ചന്ദ്രകുമാര്‍ പെട്ടെന്ന് സാമ്പത്തികക്കുരുക്കില്‍ പെട്ടതും സിംഹാസനത്തിന്‍റെ റിലീസിനെ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ‘സിംഹാസനം’ ഇനി എന്ന് റിലീസാകുമെന്ന് വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ ആരും തയ്യാറാകുന്നില്ല.
വാല്‍ക്കഷണം: സിംഹാസനം റിലീസ് ആയാലും ഇല്ലെങ്കിലും ഷാജി കൈലാസ് തന്‍റെ അടുത്ത ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയണ്. ‘മദിരാശി’ എന്ന് പേരിട്ട ചിത്രത്തില്‍ ജയറാമാണ് നായകന്‍. നായിക മേഘ്നാ രാജ്. ‘മോളി ആന്‍റ് റോക്സ്’ എന്ന രഞ്ജിത് ശങ്കര്‍ ചിത്രത്തിന്‍റെ ചിത്രീകരണത്തില്‍ പൃഥ്വിരാജും ജോയിന്‍ ചെയ്തു.