ദുല്‍ക്കറിന്‍റെ പാതയിലല്ല, പ്രണവ് സംവിധായകന്‍ തന്നെ!

ബുധന്‍, 24 ഡിസം‌ബര്‍ 2014 (11:33 IST)
ദുല്‍ക്കര്‍ സല്‍മാന്‍റെ വഴിയല്ല തന്‍റേതെന്ന് പ്രണവ് മോഹന്‍ലാല്‍ തീരുമാനിച്ചിരിക്കുന്നു. അഭിനയത്തിന്‍റെ പാതയല്ല, സംവിധായകന്‍റെ മുള്ളും കല്ലും നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കാന്‍ ഉറച്ച തീരുമാനമെടുത്തിരിക്കുന്നു ദുല്‍ക്കര്‍. ജീത്തു ജോസഫിന്‍ഏറെ വരും ചിത്രങ്ങളിലും സംവിധാനസഹായിയായി പ്രവര്‍ത്തിക്കാനാണ് പ്രണവ് തീരുമാനിച്ചിരിക്കുന്നത്.
 
'ദൃശ്യം' എന്ന മെഗാഹിറ്റിന്‍റെ തമിഴ് റീമേക്കായ 'പാപനാശ'ത്തില്‍ ജീത്തുവിന്റെ സംവിധാന സഹായിയായിരുന്നു പ്രണവ്. ആ സിനിമ പൂര്‍ത്തിയായി ഉടന്‍ തന്നെ ജീത്തു 'ലൈഫ് ഓഫ് ജോസൂട്ടി' എന്ന ദിലീപ് ചിത്രത്തിന്‍റെ ജോലികള്‍ ആരംഭിച്ചു. ഈ സിനിമയിലും ജീത്തുവിന്‍റെ സഹായിയായി തുടരാനാണ് പ്രണവ് തീരുമാനിച്ചിരിക്കുന്നത്.
 
മൈ ബോസ് എന്ന മെഗാഹിറ്റിന് ശേഷം ദിലീപും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. 'ഒരു ഓട്ടോ ബയോഗ്രഫി' എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. രചന നാരായണന്‍‌കുട്ടിയും ജ്യോതി കൃഷ്ണയുമാണ് നായികമാര്‍. 
 
മെമ്മറീസോ ദൃശ്യമോ പോലെ ഒരു ത്രില്ലറായിരിക്കില്ല ലൈഫ് ഓഫ് ജോസൂട്ടി. ഇതൊരു സാധാരണക്കാരന്‍റെ ജീവിതചിത്രമാണ്. രാജേഷ് വര്‍മയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ആദ്യമായാണ് മറ്റൊരാളുടെ തിരക്കഥയില്‍ ജീത്തു ജോസഫ് ഒരു സിനിമ സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. കട്ടപ്പനയിലെ അയ്യപ്പന്‍‌കോവിലിലാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്നത്. ഇവിടെ രണ്ട് വീടുകളുടെയും വലിയ കൃഷിത്തോട്ടത്തിന്‍റെയുമൊക്കെ പശ്ചാത്തലത്തിലായിരിക്കും ചിത്രീകരണം.
 
ജോജു, സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ് ജോസ്, ഹരീഷ് പേരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും ലൈഫ് ഓഫ് ജോസൂട്ടിയുടെ ഭാഗമാകുന്നു. കട്ടപ്പനയിലെ ആദ്യ ഷെഡ്യൂളിന് ശേഷം ന്യൂസിലന്‍ഡിലാണ് ചിത്രീകരണം തുടരുക. അതിന് ശേഷം ടീം കട്ടപ്പനയിലേക്ക് മടങ്ങിയെത്തും.

വെബ്ദുനിയ വായിക്കുക