ദുല്‍ക്കറിനെയും നിത്യയെയും മാറ്റാനോ? നടക്കില്ല മോനേ...

ബുധന്‍, 9 ഡിസം‌ബര്‍ 2015 (14:53 IST)
ഈ വര്‍ഷം ദുല്‍ക്കര്‍ സല്‍മാന്‍ തമിഴകത്ത് പ്രണയമഴ സൃഷ്ടിച്ച സിനിമയായിരുന്നു ‘ഓകെ കണ്‍‌മണി’.  ഈ മണിരത്നം ചിത്രം തമിഴില്‍ വമ്പന്‍ ഹിറ്റായപ്പോള്‍ അത് ദുല്‍ക്കറിന് തമിഴകത്ത് ലഭിച്ച ആദ്യ മെഗാഹിറ്റുകായി. നിത്യാ മേനോനായിരുന്നു ചിത്രത്തിലെ നായിക. 
 
‘ഓ കാതല്‍ കണ്‍‌മണി’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണെന്ന് മലയാളം വെബ്‌ദുനിയ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. ഷാദ് അലി സംവിധാനം ചെയ്യുന്ന ഹിന്ദിച്ചിത്രത്തില്‍ ആദിത്യ റോയ് കപൂറും ശ്രദ്ധ കപൂറും ജോഡിയാകുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ വിവരം അനുസരിച്ച് ദുല്‍ക്കറും നിത്യയും തന്നെ ഹിന്ദിച്ചിത്രത്തിലും കേന്ദ്ര കഥാപാത്രങ്ങളായ ആദിയും താരയുമാകും!
 
ആദിയും താരയുമാകാന്‍ ഏറ്റവും അനുയോജ്യര്‍ ദുല്‍ക്കറും നിത്യയും തന്നെയാണെന്നും ഹിന്ദിയിലും അവരെ മറികടക്കുന്ന ഒരു ജോഡിയെ നല്‍കാനാവില്ലെന്നുമുള്ള മണിരത്നത്തിന്‍റെ നിര്‍ബന്ധമാണ് ഇപ്പോള്‍ അതേ ജോഡിയെ ഹിന്ദി റീമേക്കിലും പരീക്ഷിക്കാന്‍ ഷാദ് അലിയെ പ്രേരിപ്പിക്കുന്നത്. മണിരത്നത്തിന്‍റെ മദ്രാസ് ടാക്കീസ് തന്നെയാണ് ഹിന്ദിച്ചിത്രം നിര്‍മ്മിക്കുന്നത്.
 
പി സി ശ്രീറാം ക്യാമറ ചലിപ്പിക്കുന്ന സിനിമയ്ക്ക് എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കുന്നു. അടുത്ത വര്‍ഷമാദ്യം മുംബൈയിലാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.
 
വര്‍ഷങ്ങള്‍ക്ക് മുമ്പ് മണിരത്നത്തിന്‍റെ ‘അലൈപായുതേ’ എന്ന മെഗാഹിറ്റ് സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തതും ഷാദ് അലിയാണ്. ‘സാത്തിയ’ എന്ന ആ സിനിമ ബോക്സോഫീസില്‍ വലിയ ചലനം സൃഷ്ടിച്ചില്ല.

വെബ്ദുനിയ വായിക്കുക