ദിലീപ് വിവാഹമോചന ഹര്‍ജി നല്‍കി

വ്യാഴം, 5 ജൂണ്‍ 2014 (14:37 IST)
നടന്‍ ദിലീപ് വിവാഹമോചന ഹര്‍ജി നല്‍കി. ഭാര്യ മഞ്ജു വാര്യരില്‍ നിന്ന് വിവാഹമോചനം വേണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് എറണാകുളം കുടുംബക്കോടതിയില്‍ ദിലീപ് ഹര്‍ജി സമര്‍പ്പിച്ചത്. ഭാര്യയില്‍ നിന്ന് കടുത്ത മാനസിക പീഡനമാണ് തനിക്ക് ഉണ്ടാകുന്നതെന്നും ഒരു വര്‍ഷമായി തങ്ങള്‍ പിരിഞ്ഞുതാമസിക്കുകയാണെന്നും ഹര്‍ജിയില്‍ ദിലീപ് വ്യക്തമാക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഭിഭാഷകനായ ഫിലിപ്പ് വര്‍ഗീസാണ് ദിലീപിനുവേണ്ടി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഒരു വര്‍ഷമായി താനും ഭാര്യയും പിരിഞ്ഞുജീവിക്കുകയാണ്. ഇനി ഒരുമിച്ച് മുന്നോട്ടുപോകാനാവില്ല. വിവാഹമോചനം അനുവദിക്കണം. തങ്ങള്‍ പ്രശസ്തരായതിനാല്‍ രഹസ്യ വിചാരണ അനുവദിക്കണമെന്നും മാധ്യമങ്ങളെ വിലക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

മഞ്ജു വാര്യര്‍ നഷ്ടപരിഹാരമായി വലിയ ഒരു തുക ആവശ്യപ്പെട്ടെന്നും അത് നല്‍കാന്‍ ദിലീപ് തയ്യാറാകാത്തതിനാലാണ് വിവാഹമോചനം വൈകുന്നതെന്നും മുമ്പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നഷ്ടപരിഹാരത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങളൊന്നും ദിലീപിന്‍റെ ഹര്‍ജിയില്‍ ഇല്ല എന്നാണ് വിവരം.

14 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദിലീപും മഞ്ജു വാര്യരും പ്രണയിച്ച് വിവാഹം കഴിച്ചത്. ഇവരുടെ മകള്‍ മീനാക്ഷി ഇപ്പോള്‍ ദിലീപിനൊപ്പമാണ് താമസം. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ അഭിനയിച്ച ഹൌ ഓള്‍ഡ് ആര്‍ യു എന്ന സിനിമ ഇപ്പോള്‍ മെഗാഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ദിലീപ് ഇപ്പോള്‍ വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക