മഞ്ജു വാര്യരുടെ പുതിയ സിനിമ സംവിധാനം ചെയ്യുന്നത് ദീപു കരുണാകരനാണ്. ഫയര്‍മാന് ശേഷം ദീപു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു ഒരു വോളിബോള്‍ കോച്ചായാണ് അഭിനയിക്കുന്നത്. വെറും വോളിബോള്‍ കോച്ചല്ല, ജയിലിലെ തടവുകാരുടെ വോളിബോള്‍ ടീമിന്‍റെ കോച്ച്!
അനൂപ് മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ സുധീര്‍ കരമന, ചെമ്പന്‍ വിനോദ് ജോസ്, സുരാജ് വെഞ്ഞാറമ്മൂട്, നീരജ് മാധവ്, ജോജു ജോര്‍ജ്ജ്, പാഷാണം ഷാജി, നോബി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഈ സിനിമയുടെ ലോഞ്ച് ഒരു ജയിലില്‍ തന്നെയാണ് നടന്നത് എന്നതാണ് കൌതുകം. ആ ജയിലില്‍ നിലവിലുള്ള ഒരു വോളിബോള്‍ ടീമിനെ സജീവമാക്കുകയും ചെയ്തു. ഒരുപാട് തമാശരംഗങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്.
ചിത്രത്തില്‍ താരങ്ങളെയും മറ്റ് അഭിനേതാക്കളെയും വോളിബോള്‍ പരിശീലിപ്പിക്കുന്നതിനായി ഇന്ത്യന്‍ ടീമിന്‍റെ മുന്‍ പരിശീലകരില്‍ ഒരാളെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
അതേസമയം, ദിലീപ് നായകനാകുന്ന പുതിയ ചിത്രവും സെന്‍ട്രല്‍ ജയിലിന്‍റെ പശ്ചാത്തലത്തിലുള്ളതാണ്. ബെന്നി പി നായരമ്പലത്തിന്‍റെ തിരക്കഥയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന ഈ ദിലീപ് ചിത്രം ഒരു ഫാമിലി എന്‍റര്‍ടെയ്നറായിരിക്കും. ചിത്രത്തിന് ‘വെല്‍കം ടു സെന്‍ട്രല്‍ ജയില്‍’ എന്ന് പേരിട്ടു. പൂര്‍ണമായും സെന്‍ട്രല്‍ ജയിലിന്‍റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ഉണ്ണിക്കുട്ടന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്.
വൈശാഖ രാജന്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണത്തീയതി തീരുമാനിച്ചിട്ടില്ല. സല്ലാപം, കുടമാറ്റം, വര്‍ണക്കാഴ്ചകള്‍, കുബേരന്‍ എന്നീ ദിലീപ് ചിത്രങ്ങള്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്തിട്ടുണ്ട്. 2013ല്‍ ‘റബേക്ക ഉതുപ്പ് കിഴക്കേമല’ എന്ന ചിത്രമാണ് സുന്ദര്‍ദാസ് ഒടുവില്‍ സംവിധാനം ചെയ്തത്.
മന്ത്രമോതിരം, കല്യാണരാമന്‍, കുഞ്ഞിക്കൂനന്‍, ചാന്തുപൊട്ട്, മേരിക്കുണ്ടൊരു കുഞ്ഞാട്, സ്പാനിഷ് മസാല, സൌണ്ട് തോമ എന്നിവയാണ് ബെന്നി പി നായരമ്പലം തിരക്കഥയെഴുതിയ ദിലീപ് ചിത്രങ്ങള്‍.