താരങ്ങളുടെ ദുര്‍മ്മേദസ് തുടച്ചുമാറ്റി അയാളിലെ യഥാര്‍ത്ഥ മനുഷ്യനെ വീണ്ടെടുക്കുക അസാധ്യം: ജയരാജ്

ചൊവ്വ, 23 ഫെബ്രുവരി 2016 (14:40 IST)
കലാമൂല്യമുള്ള ചെറിയ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ പോലും കോമേഴ്സ്യല്‍ സിനിമയിലെ വലിയ താരങ്ങളെ ഉള്‍പ്പെടുത്താന്‍ ചില സംവിധായകര്‍ ശ്രമിക്കാറുണ്ട്. തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുക, പ്രേക്ഷകരെ ആകര്‍ഷിക്കുക തുടങ്ങിയ കാരണങ്ങളാലാണ് പ്രഗത്ഭരായ സംവിധായകര്‍ പോലും താരങ്ങളെ തേടിപ്പോകുന്നത്. പല പ്രൊജക്ടുകളും താരങ്ങള്‍ അഭിനയിച്ചതുകൊണ്ടുതന്നെ, അവയുടെ സ്വാഭാവികത നഷ്ടപ്പെട്ട് മറ്റൊരു താരചിത്രം മാത്രമായിപ്പോകുന്നതിനും ഏവരും സാക്ഷികളാണ്.
 
അന്താരാഷ്ട്രതലത്തില്‍ ഒട്ടേറെ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ചിത്രമാണ് ജയരാജ് സംവിധാനം ചെയ്ത ‘ഒറ്റാല്‍’. ആ ചിത്രത്തില്‍ പക്ഷേ അറിയപ്പെടുന്ന താരങ്ങളുടെ ആരവമില്ല. കഥയ്ക്ക് അനുയോജ്യനായ ഒരാളെ ഏറെക്കാലത്തെ അന്വേഷണത്തിന് ശേഷം അവിചാരിതമായി ജയരാജ് കണ്ടെത്തുകയായിരുന്നു. ആ ചിത്രത്തില്‍ അഭിനയിച്ച ഓരോരുത്തരും അങ്ങനെതന്നെയാണ്.
 
എന്തുകൊണ്ടായിരിക്കും ഒറ്റാലിലെ നായകനെ അവതരിപ്പിക്കാന്‍ താരങ്ങളെ തേടി ജയരാജ് നടക്കാതിരുന്നത്? “താറാപ്പറ്റങ്ങളുമായി കുട്ടനാടിന്‍റെ കായല്‍പ്പരപ്പിലൂടെ ഒഴുകിനീങ്ങുന്ന ഒരു താറാകൃഷിക്കാരന്‍റെ മുഖം ഇപ്പോള്‍ നിലനില്‍ക്കുന്ന നമ്മുടെ നടന്‍‌മാരില്‍ എനിക്കൊരിക്കലും സങ്കല്‍പ്പിക്കാനേ കഴിയില്ല. അതിന്‍റെ കാരണം, വളരെയധികം ജീവിതഗന്ധിയായി, മനുഷ്യന്‍ മണ്ണിനോട് ചേര്‍ന്നുനില്‍ക്കുന്ന അവസ്ഥകളിലേക്ക് ഒരു നടനെ മാറ്റാന്‍, അല്ലെങ്കില്‍ ഒരു താരത്തെ മാറ്റിയെടുക്കാന്‍ വളരെയധികം ബുദ്ധിമുട്ടേണ്ടിവരുന്നു. കാരണം, കാലാകാലങ്ങളായി അയാളില്‍ അടിഞ്ഞുകൂടിയിട്ടുള്ള സൌഭാഗ്യങ്ങളുടെ ദുര്‍മ്മേദസ് തുടച്ചുമാറ്റി, അയാളിലുള്ള യഥാര്‍ത്ഥ മനുഷ്യനെ വീണ്ടെടുക്കുക അസാധ്യമാണ്” - മാക്ടയുടെ പ്രസിദ്ധീകരണമായ 24 ഫ്രെയിംസിന് വേണ്ടി പ്രശാന്ത് മിത്രന് അനുവദിച്ച അഭിമുഖത്തില്‍ ജയരാജ് പറയുന്നു.
 
“ഓരോ മനുഷ്യനും വ്യത്യസ്തമായ ചലനങ്ങളോടുകൂടിയാണ് ലോകത്ത് ജനിക്കുന്നത്. അവന്‍റെ ആംഗ്യം, അവന്‍ നടക്കുന്ന രീതി, അവന്‍റെ ഇരിപ്പ്, അവന്‍റെ എല്ലാത്തരത്തിലുള്ള ജസ്റ്റേഴ്സും ഒരുപക്ഷേ, പില്‍ക്കാലത്ത് വന്നുചേര്‍ന്ന സുഖലോലുപതയുടെ ധാരാളിത്തത്തില്‍ മുങ്ങിപ്പോകാറുണ്ട്. അതുകൊണ്ട് ജീവിതഗന്ധിയായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാധാരണ ജീവിതത്തില്‍നിന്നുതന്നെ മനുഷ്യനെ തെരഞ്ഞെടുക്കുന്നതാണ് എനിക്ക് അനുയോജ്യം എന്ന് തോന്നിയിട്ടുണ്ട്” - ജയരാജ് വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക