ഞാന്‍ നഗ്‌നനായി വന്നു, നഗ്‌നനായി തന്നെ പിന്‍വാങ്ങും: ഫഹദിന്‍റെ സിനിമ!

ശനി, 22 ഫെബ്രുവരി 2014 (15:38 IST)
PRO
"അമ്മയുടെ ഉദരത്തില്‍ നിന്ന്‌ നഗ്‌നനായി ഞാന്‍ വന്നു. നഗ്‌നനായി തന്നെ പിന്‍വാങ്ങും. ദൈവം തന്നു, ദൈവം എടുത്തു. അവിടുത്തെ നാമം വാഴ്ത്തപ്പെടട്ടെ” - തന്‍റെ ജീവിതത്തില്‍ അനര്‍ഥങ്ങള്‍ ഒന്നൊന്നായി വന്നപ്പോഴും ഇയ്യോബ് പ്രാര്‍ത്ഥിച്ചത് ഇങ്ങനെയാണ്. നിസാരമായ നഷ്ടങ്ങളായിരുന്നില്ല ഇയ്യോബിന് സംഭവിച്ചത്.

അയാളുടെ ആട്ടിന്‍ പറ്റവും അവയെ പരിപാലിച്ചിരുന്നവരും ഇടിമിന്നലേറ്റു നശിച്ചു. മാടുകളെ സെബെയക്കാരും ഒട്ടകങ്ങളെ കല്‍ദായക്കാരും തട്ടിക്കൊണ്ടുപോയി. മരുക്കൊടുങ്കാറ്റില്‍ അയാളുടെ മക്കളെല്ലാം മരിച്ചു. സാത്താന്‍റെ ഇടപെടല്‍ കൊണ്ടാണ് ഇയ്യോബിന്‍റെ ജീവിതം ഇങ്ങനെയായിത്തീര്‍ന്നത്. അപ്പോഴും അയാള്‍ കുറ്റമറ്റവനും പരമാര്‍ഥിയും ദൈവത്തിന്‍റെ വിശ്വസ്തനുമായിരുന്നു!

ബൈബിള്‍ പഴയനിയമത്തിലെ ഖണ്ഡങ്ങളില്‍ ആശയഗാംഭീര്യമുള്ളതാണ് ‘ഇയ്യോബിന്‍റെ പുസ്തകം’. ദൈവം യഥാര്‍ത്ഥത്തില്‍ നീതിമാനാണോ എന്ന അന്വേഷണമാണ് ഈ ഖണ്ഡത്തില്‍. അങ്ങനെയെങ്കില്‍ നീതിമാന്‍‌മാര്‍ക്കുപോലും ജീവിതം എന്തുകൊണ്ട് ക്ലേശകരമായിരിക്കുന്നു?

ഈ ബൈബിള്‍ കഥയുടെ സ്വഭാവമുള്ള ഒരു സിനിമ മലയാളത്തില്‍ ഒരുങ്ങുകയാണ്. ‘ഇയ്യോബിന്‍റെ പുസ്തകം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം അമല്‍ നീരദാണ്. ഫഹദ് ഫാസില്‍ നായകനാകുന്ന ഈ സിനിമ നിര്‍മ്മിക്കുന്നത് അമല്‍ നീരദും ഫഹദും ചേര്‍ന്നാണ്.

കേരളത്തില്‍ 1910 മുതല്‍ 1970 വരെയുള്ള കാലഘട്ടത്തില്‍ നടക്കുന്ന കഥയായാണ് ഇയ്യോബിന്‍റെ പുസ്തകം വികസിക്കുന്നത്. ശ്യാം പുഷ്കരനാണ് ഈ സിനിമയുടെ തിരക്കഥ.

ജയസൂര്യ, ലാല്‍, ലെന, പത്മപ്രിയ, ഇഷ ഷെര്‍വാണീ, റീനു മാത്യൂസ്, ശ്രീജിത്ത് രവി തുടങ്ങിയവരും ഈ സിനിമയുടെ ഭാഗമായിരിക്കും.

വെബ്ദുനിയ വായിക്കുക