ഞാനും ലാലും പിരിഞ്ഞത് ഗുണമായി: സിദ്ദിക്ക്

വെള്ളി, 14 ഒക്‌ടോബര്‍ 2011 (14:29 IST)
PRO
സംവിധായകന്‍ സിദ്ദിക്ക് അഭിനന്ദനങ്ങളുടെ നടുവിലാണ്. പ്രിയദര്‍ശന് ശേഷം ബോളിവുഡ് കീഴടക്കിയ മലയാളിയായി സിദ്ദിക്ക് മാറിയിരിക്കുന്നു. അതും ബോളിവുഡിലെ സിംഹങ്ങളായ സംവിധായകര്‍ക്ക് പോലും കഴിയാത്തത്ര വലിയ വിജയം. സിദ്ദിക്ക് സംവിധാനം ചെയ്ത ‘ബോഡിഗാര്‍ഡ്’ കളക്ഷനില്‍ 200 കോടിയോട് അടുക്കുകയാണ്.

മലയാള സിനിമകള്‍ മാത്രം സംവിധാനം ചെയ്ത സിദ്ദിക്കും ഇപ്പോഴത്തെ സിദ്ദിക്കും തമ്മില്‍ മാറ്റമൊന്നുമില്ലെന്ന് സിദ്ദിക്ക് പറയും. എന്നാല്‍ സിദ്ദിക്കിന് ഏറെ മാറ്റമുണ്ടെന്ന് അദ്ദേഹത്തോട് അഞ്ചുമിനിറ്റ് സംസാരിക്കുന്ന ആര്‍ക്കും മനസിലാകും. ബോളിവുഡില്‍ ഒരു മെഗാഹിറ്റ് ഒരുക്കിയതിന്‍റെ ജാഡ സിദ്ദിക്ക് കാട്ടുന്നു എന്നല്ല പറഞ്ഞുവരുന്നത്. സ്വഭാവത്തിന്‍റെ കാര്യത്തിലും പെരുമാറ്റത്തിന്‍റെ കാര്യത്തിലും സിദ്ദിക്കിന് മാറ്റമൊന്നുമില്ല. എന്നാല്‍ കൂടുതല്‍ പ്രൊഫഷണലായി സിനിമയെ കാണണമെന്ന നിലപാട് സിദ്ദിക്കില്‍ ഇപ്പോള്‍ ഉറച്ചിരിക്കുന്നു.

“മലയാളത്തില്‍ എങ്ങനെയാണ് ഒരു സിനിമ ജനിക്കുന്നത്?. രണ്ടുപേര്‍ സംസാരിച്ചിരിക്കുന്നതിനിടയില്‍ പെട്ടെന്ന് ‘എന്നാല്‍ നമുക്ക് ഒരു സിനിമ ചെയ്തുകളയാം’ എന്ന് പറയുന്നു. പിന്നീട് അത് തട്ടിക്കൂട്ടാനുള്ള ഓട്ടമാണ്. ഒരു സിനിമ ചെയ്തു ‘കളയാം’ എന്നാണ് നമ്മള്‍ പറയുന്നത് എന്ന് ആലോചിക്കണം. ബോളിവുഡില്‍ അങ്ങനെയല്ല. അവിടെ കാര്യങ്ങള്‍ തീര്‍ത്തും പ്രൊഫഷണലാണ്. മലയാളത്തില്‍ സൌഹൃദങ്ങളാണ് സിനിമ സൃഷ്ടിക്കുന്നത്. ഹിന്ദിയില്‍ ഒരു പ്രൊജക്ട് പ്രൊഫഷണല്‍ സമീപനത്തോടെ നിര്‍മ്മിക്കുകയാണ്. ആ വ്യത്യാസമുണ്ട്. ബോളിവുഡിലെ പ്രൊഫഷണലിസം ഇവിടെയും വരണം” - സിദ്ദിക്ക് പറയുന്നു.

ബോളിവുഡിലെ അനുഭവങ്ങള്‍ സിദ്ദിക്കിന് കൂടുതല്‍ ഹിന്ദി ചിത്രങ്ങള്‍ ചെയ്യാന്‍ പ്രേരണ നല്‍കുന്നു. കോര്‍പ്പറേറ്റ് കമ്പനികള്‍ നിര്‍മ്മാണ രംഗത്തേക്കുവരുന്നത് മലയാള സിനിമയ്ക്കും ഗുണം ചെയ്യുമെന്ന് സിദ്ദിക്ക് പറയുന്നു.

അടുത്ത പേജില്‍ - ഞാനും ലാലും പിരിഞ്ഞത് ഗുണമായി

PRO
സിദ്ദിക്കിനെയോ ലാലിനെയോ എപ്പോള്‍ കണ്ടാലും മാധ്യമപ്രവര്‍ത്തകരും മറ്റുള്ളവരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് - ‘സിദ്ദിക്കും ലാലും എന്തിനാണ് പിരിഞ്ഞത്?’.

ഇതിനുള്ള മറുപടി സിദ്ദിക്കും ലാലും ഒരു ചെറുചിരിയില്‍ ഒതുക്കും. അടുത്തിടെ സിദ്ദിക്ക് പറഞ്ഞത് - ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. അത് വളര്‍ന്ന് കൂടുതല്‍ പ്രശ്നമാകുന്നതിന് മുമ്പ് ഇരുവരും ആലോചിച്ച് എടുത്ത തീരുമാനമായിരുന്നു അത്.

ഇപ്പോള്‍ സിദ്ദിക്ക് പറയുന്നത് കേള്‍ക്കുക - “ഞാനും ലാലും പിരിഞ്ഞത് പ്രേക്ഷകര്‍ക്ക് ഗുണമായി. അവര്‍ക്ക് ലാല്‍ എന്ന നടനെയും വിതരണക്കാരനെയും നിര്‍മ്മാതാവിനെയും ഇപ്പോള്‍ സംവിധായകനെയും കിട്ടി. ഞാന്‍ സംവിധായകനായി തുടരുകയും ചെയ്യുന്നു. ഞങ്ങള്‍ ഒരുമിച്ച് നിന്നിരുന്നെങ്കില്‍ ഒരുപക്ഷേ, ഇതൊന്നും സംഭവിക്കില്ലായിരുന്നു”.

അടുത്ത പേജില്‍ - അത് സംവിധായകന്‍റെ കഴിവുകേടാണ്!

PRO
മലയാള സിനിമയില്‍ താരങ്ങളുടെ ഇടപെടലുകള്‍ വളരെ കൂടുതലാണെന്ന ആരോപണത്തോട് വളരെ വ്യക്തമായ മറുപടി സിദ്ദിക്കിനുണ്ട്. “എന്‍റെ സിനിമയില്‍ ആരും ഇതുവരെ ഇടപെടല്‍ നടത്തിയിട്ടില്ല. അങ്ങനെ ഏതെങ്കിലും സംവിധായകന്‍റെ ചിത്രത്തില്‍ താരങ്ങള്‍ കൈകടത്തല്‍ നടത്തിയാല്‍ അത് ആ സംവിധായകന്‍റെ കഴിവുകേടാണെന്നുള്ളതാണ് സത്യം. അക്കാര്യം ഉറക്കെ വിളിച്ചുപറഞ്ഞ് നടക്കാതിരിക്കുകയാണ് നല്ലത്” - സിദ്ദിക്ക് പറയുന്നു.

അടുത്തിടെ നിത്യാ മേനോന് സിനിമയില്‍ വിലക്കിനെ നേരിടേണ്ടിവന്നു. റീമ കല്ലിങ്കലിനെതിരെയും വിലക്ക് ഭീഷണിയുണ്ടായി. തിലകനെതിരായ വിലക്ക് മലയാള സിനിമയിലെ തന്നെ കറുത്ത ഏടായി വിലയിരുത്തപ്പെടുന്നു. ഇത്തരം വിലക്കുകളെപ്പറ്റി സിദ്ദിക്കിന്‍റെ അഭിപ്രായം എന്തായിരിക്കും?

“വിലക്കുകള്‍ ചിലരുടെ ആയുധമാണ്. അവര്‍ അവര്‍ക്കാവശ്യമുള്ളപ്പോള്‍ ചിലരുടെ നേര്‍ക്ക് ഈ ആയുധം പ്രയോഗിക്കുന്നു. സംഘടനകളൊക്കെ സിനിമയുടെ നന്‍‌മയ്ക്ക് വേണ്ടിയായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. വിലക്കുണ്ടായി എന്നുകരുതി കലാകാരന്‍ തളര്‍ന്നുപോകരുത്” - സിദ്ദിക്ക് വ്യക്തമാക്കി.

അടുത്ത സിനിമ ഹിന്ദിയിലല്ലെന്നും അത് മോഹന്‍ലാലിനെ നായകനാക്കിയുള്ള മലയാളചിത്രം തന്നെയായിരിക്കുമെന്നും സിദ്ദിക്ക് അറിയിച്ചു.

വെബ്ദുനിയ വായിക്കുക