ജയറാമിന്‍റെ അഭിനയം ശരിയല്ലേ?

ബുധന്‍, 23 ഏപ്രില്‍ 2014 (14:30 IST)
PRO
ജയറാമിന് ദേശീയ പുരസ്കാരമോ സംസ്ഥാന അവാര്‍ഡോ ലഭിച്ചില്ല. അദ്ദേഹവും പ്രേക്ഷകരും അത് പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്തിരുന്നു. സുരാജിനും ഫഹദിനും ലാലിനുമൊക്കെ അവാര്‍ഡ് ലഭിച്ചപ്പോള്‍ നടന്‍, സ്വപാനം എന്നീ സിനിമകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ജയറാമിനെ ജൂറികള്‍ ഒന്ന് പരാമര്‍ശിക്കുക കൂടി ചെയ്തില്ല.

ഏറെ പ്രശസ്തനായ ഒരു ജൂറി അംഗം ഇതേക്കുറിച്ച് നടത്തിയ കമന്‍റ് ഇപ്പോല്‍ സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ജയറാമിന്‍റെ അഭിനയത്തില്‍ നാടകീയത കൂടുതലാണെന്നാണ് പ്രസ്തുത ജൂറി അംഗം അഭിപ്രായപ്പെട്ടത്.

സ്വപാനം, നടന്‍ എന്നീ സിനിമകള്‍ കണ്ടവര്‍ക്ക് അറിയാം അതില്‍ ജയറാം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ആഴം. വളരെ സങ്കീര്‍ണവും നാടകീയവുമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളാണ് അവ. സാധാരണ രീതിയിലുള്ള അഭിനയം അവിടെ പോരാതെ വരും. അല്‍പ്പം നാടകീയത കലര്‍ത്തിയുള്ള അഭിനയമുഹൂര്‍ത്തങ്ങളാണ് ആ കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്നത്.

മാത്രമല്ല, നടന്‍ എന്ന ചിത്രത്തില്‍ ഒരു നാടകനടനെയാണ് ജയറാം അവതരിപ്പിക്കുന്നതും. ഒരു നാടകനടന്‍റെ മാനറിസങ്ങള്‍ കൊണ്ടുവരാന്‍ ജയറാം ശ്രമിച്ചിട്ടുമുണ്ട്. അഭിനയത്തില്‍ നാടകീയത ആരോപിക്കുന്നവര്‍ ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതല്ലേ?

അവാര്‍ഡ് നല്‍കിയില്ലെങ്കിലും വേണ്ടില്ല, കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെയായി മലയാളികളുടെ ഇഷ്ടനായകനായി നിലനില്‍ക്കുന്ന ഒരു നടനെ അപമാനിക്കാതിരിക്കാനെങ്കിലും ശ്രമിച്ചുകൂടേ?

വെബ്ദുനിയ വായിക്കുക