ജയറാം ഷാജി കൈലാസിന് ഡേറ്റ് നല്കി, കമ്മത്തിനെ കൈവിട്ടു!
വ്യാഴം, 1 നവംബര്‍ 2012 (12:07 IST)
PRO
ജയറാം - ഷാജി കൈലാസ് ടീമിന്റെ കോമഡിച്ചിത്രം ‘മദിരാശി’ ഉടന്‍ പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്. ഷാജി കൈലാസിനെ ഭാവിയില്‍ മലയാളത്തിലെ മികച്ച കോമഡിച്ചിത്രങ്ങളുടെ സംവിധായകന് എന്ന് വിശേഷിപ്പിക്കേണ്ടിവരുമെന്നാണ് ഒരു അഭിമുഖത്തില്‍ ജയറാം വിലയിരുത്തിയത്. അത്ര ഗംഭീരമായാണത്രെ ഷാജി മദിരാശി ഒരുക്കിയത്.
എന്തായാലും ഷാജിയിലെ ‘കോമഡി പ്രതിഭ’ ജയറാമിന് നന്നേ ബോധിച്ചതിനാല്‍ ഉടന്‍ തന്നെ മറ്റൊരു കോമഡി സിനിമയ്ക്കായി ഇവര്‍ ഒത്തുചേരുകയാണ്. ‘ജിഞ്ചര്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രാജേഷ് ജയരാമനാണ് ജിഞ്ചറിന് കഥ തയ്യാറാക്കിയിരിക്കുന്നത്.
മദിരാശി റിലീസായാലുടന്‍ ജിഞ്ചര്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്. ജയറാം ജിഞ്ചറിന് ഡേറ്റ് നല്‍കിയതോടെ മറ്റൊരു വമ്പന്‍ പ്രൊജക്ടില്‍ വലിയ മാറ്റമുണ്ടായി. അത് ഏതെന്നോ? ‘കമ്മത്ത് ആന്റ് കമ്മത്ത്’ എന്ന മമ്മൂട്ടിച്ചിത്രം!
അടുത്ത പേജില്‍ - കമ്മത്തില്‍ ജയറാം ഔട്ട്, ചാക്കോച്ചന് ഇന്‍
PRO
‘കാര്യസ്ഥന്’ എന്ന മെഗാഹിറ്റ് സംവിധാനം ചെയ്ത തോംസണ്‍ ആണ് ‘കമ്മത്ത് ആന്റ് കമ്മത്ത്’ ഒരുക്കുന്നത്. മമ്മൂട്ടിയും ജയറാമും ദിലീപും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. തിരക്കഥ സിബി കെ തോമസ് - ഉദയകൃഷ്ണ ടീം.
പ്രമുഖ ഹോട്ടല്‍ ശൃംഖലയുടെ ഉടമസ്ഥരായ കമ്മത്ത് സഹോദരന്മാരായാണ് മമ്മൂട്ടിയും ജയറാമും ചിത്രത്തില്‍ വരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇവരെ കുടുക്കുന്ന ഇന്‍കം ടാക്സ് ഉദ്യോഗസ്ഥനായി ദിലീപ് അഭിനയിക്കുമെന്നായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ സംഗതി ആകെ മാറിമറിഞ്ഞിരിക്കുന്നു. ചിത്രത്തില്‍ നിന്ന് ജയറാമിനെ ഒഴിവാക്കി. ജയറാം അവതരിപ്പിക്കാനിരുന്ന കമ്മത്ത് രണ്ടാമനെ ദിലീപ് ആയിരിക്കും അവതരിപ്പിക്കുക. ദിലീപ് അഭിനയിക്കാനിരുന്ന ഇന്‍കം ടാക്സ് ഓഫീസറായി കുഞ്ചാക്കോ ബോബന് എത്തും!
“ജയറാം ഷാജി കൈലാസ് ചിത്രമായ ജിഞ്ചറിന് ഡേറ്റുകള്‍ മുമ്പുതന്നെ നല്‍കിക്കഴിഞ്ഞു. മമ്മൂട്ടിയുടെയും ദിലീപിന്റെയും ഡേറ്റുകള്‍ ഒത്തുവന്നതിനാല്‍ നവംബര്‍ അഞ്ചിന് ഞങ്ങള്‍ ‘കമ്മത്ത് ആന്റ് കമ്മത്ത്’ തുടങ്ങുകയാണ്. എറണാകുളത്താണ് ചിത്രീകരണം” - സംവിധായകന് തോംസണ്‍ അറിയിച്ചു.