ജനക്കൂട്ടത്തിന്റെ ‘വിശ്വരൂപവും‘ ആഷികിന്റെ കമന്റും!

ബുധന്‍, 30 ജനുവരി 2013 (16:14 IST)
PRO
PRO
കമല്‍ഹാസന്റെ വിശ്വരൂപവും ആഷിക് അബുവുമാണിപ്പോള്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലെ നെടുങ്കന്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അനുകൂലമായും പ്രതികൂലമായും നടക്കുന്ന ചര്‍ച്ചകളില്‍ മറ്റൊരാള്‍ക്കു കൂടി മൈലേജ് ലഭിച്ചു, സംവിധായകന്‍ വിനയന്!

“വിശ്വരൂപന്‍ കണ്ടു:) നിരോധിക്കപ്പെട്ടിട്ടില്ലെങ്കില്‍ മുടക്കിയ മുതല്‍ വലിയ രീതിയില്‍ നഷ്ടപ്പെടുമായിരുന്നു കമലഹാസന്. യഥാര്‍ത്ഥ തീവ്രവാദികള്‍ ഈ സിനിമ കണ്ട് ചിരിച്ചു മരിക്കുന്നുണ്ടാകും. എന്റെ പൊന്നു മുസ്ലിം മതനേതാക്കളെ…ദയവു ചെയ്ത് ഈ സിനിമ ഒന്നു കാണൂ. ഈ സിനിമയുടെ ഒരു മലയാളം വേര്‍ഷന്‍ മുമ്പ് വിനയന്‍ ചെയ്തിട്ടുണ്ട്. കാള പെറ്റു എന്നു നിങ്ങള് കേട്ടു. കയറു വിറ്റത് കമലഹാസന്‍:) “- ഇതായിരുന്നു ആഷിക് അബു ഫേസ്ബുക്ക് സ്റ്റാറ്റസില്‍ ഇട്ട കമന്റ്. എന്തായാലും അധികം കഴിയുന്നതിനുമുന്‍പ് തെറിവിളികേട്ട് ആഷിക് ഇട്ടത് ഡിലീറ്റ് ചെയ്തുവെന്നു മാത്രമല്ല വിശദമായ മറ്റൊരു കുറിപ്പിടുകയും ചെയ്തു. അതുകൊണ്ടും തെറിവിളിക്കു ഒരു കുറവും ഉണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം!


അടുത്ത പേജ്- വിനയന്റെ ‘വിശ്വരൂപം’ എവിടെകിട്ടും?

PRO
PRO
പക്ഷേ കമന്റ് കണ്ട പലരും വിശ്വരൂപത്തിന്റെ മലയാള വേര്‍ഷനായ വിനയന്‍ സിനിമയും തപ്പി ഇറങ്ങിയിട്ടുണ്ടത്രേ. വിനയനും കമലിനെതിരേ ഒരു കേസ് കൊടുക്കാവുന്ന കാര്യം വിനയനും ആലോചിക്കാവുന്നതാണ്. ആഷിക് അബുവിന്റെ ഉറക്കം നഷ്ടപ്പെട്ടപ്പോള്‍ കുളിരുകോരിയത് വിനയനാണ്. അതു ഫേസ്ബുക്ക് വഴി അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.

“ആഷിക് അബു കമലഹാസനെ വിനയനോട് ഉപമിച്ചെന്നും പറഞ്ഞ് ആരൊക്കെയോ രോഷാ‍കുലരാവുന്നതു കണ്ടു. സിനിമയുടെ പുറമ്പോക്കില്‍ കഴിയുന്ന ഒരാളല്ലെ ഞാന്‍. എന്നെ വെറുതെ വിട്ടേക്കൂ. ഈ വര്‍ഗത്തില്‍‌പെട്ടവര്‍ തന്നെയാണ് പണ്ട് ‘വാസന്തിയും ലക്ഷ്മിയും, നാഷണല്‍ അവാര്‍ഡിന് പരിഗണിച്ചപ്പോള്‍ മിമിക്രി ചിത്രമെന്ന് പറഞ്ഞ് അവഹേളിച്ചത്. കുള്ളന്മാരുടെ രാജാവായി വന്ന് ഉണ്ടപക്രു ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചപ്പോള്‍ ഇവര്‍ പുലമ്പി അതു പടമേ അല്ലെന്ന്. ഇപ്പോള്‍ 3D ചിത്രവുമായി വരുന്നതും ചിലര്‍ക്കൊന്നും സുഖിക്കുന്നതേ ഇല്ല. കാലം അവര്‍ക്ക് മറുപടി കൊടുക്കുന്നുണ്ടല്ലോ, അതുമതി ” എന്നായിരുന്നു വിനയന്റെ പ്രതികരണം.

എന്തായാലും ഇതൊക്കെ കണ്ടാവണം കമലഹാസന്‍ രാജ്യം തന്നെ വിടാന്‍ ഒരുങ്ങുന്നുവെന്നാണ് ഒടുവില്‍കേട്ട വാര്‍ത്തകള്‍. യഥാര്‍ത്ഥത്തില്‍ എന്തിനാണ് ഒരു കലാരൂപത്തിനെതിരേ ഇത്രയേറെ മുറവിളി? ആഷിക് അബുവിനെതിരേ ഫേസ്ബുക്കില്‍ ഇത്രയേറെ വിമര്‍ശനങ്ങള്‍ ഉണ്ടാവാന്‍ കാരണമെന്ത്?

ഏതൊരാള്‍ക്കും ആരെയും വിമര്‍ശിക്കാന്‍ അവകാശമുണ്ട്. അതു ചിലപ്പോള്‍ വിമര്‍ശനമാവാം അഭിനന്ദനമാവാം. അതിന്റെ സ്വീകാര്യതയാണ് വിഷയം, പ്രത്യേകിച്ചും ഒരേ ഫീല്‍ഡിലുള്ളവരാകുമ്പോള്‍. ആഷിക് അബുവിന് പറ്റിയതും അതുതന്നെ. കാര്‍ക്കിച്ചു തുപ്പിയപ്പോള്‍ അതു സ്വന്തം മുഖത്താണെന്നു മനസിലാക്കാനുള്ള പക്വത അദ്ദേഹത്തിന് ഇല്ലാതെ പോയി. ഇനിയെങ്കിലും പ്രതികരിക്കുമ്പോള്‍ ചിന്തിക്കുക. അതുപോലെയാണ് മതങ്ങളുടെ സിനിമയില്‍ ഇടപെടലും. മുസ്ലിം സംഘടനകള്‍ ഉപരോധമൊക്കെ ഏര്‍പ്പെടുത്തിയപ്പോളാണ് നമ്മുടെ കൊച്ചുകേരളത്തിലെ ക്രിസ്ത്യന്‍ രൂപതയ്ക്കു തോന്നിയത് ഒരു കേസ് കൊടുക്കണമെന്ന്. അങ്ങനെ ‘റോമന്‍സ്’ എന്ന കുഞ്ചാക്കോ- ബിജുമേനോന്‍ സിനിമയ്ക്കും കിട്ടി ഒരു ചെറിയ പണി. ഇത്രയൊക്കെ നടന്നപ്പോള്‍ മൌനം പാലിച്ച ഹിന്ദുക്കള്‍ക്ക് അവസരം കിട്ടിയത് ഇപ്പോളാണ്. ആദിഭഗവാന്‍ എന്ന ജയം രവി പടവും ഇപ്പോള്‍ ഉപരോധത്തിന്റെ വക്കില്‍. ഇതൊക്കെ കാണുമ്പോള്‍ മനസില്‍ വരുന്നത് ഫേസ്ബുക്കില്‍ കണ്ട ഒരു പോസ്റ്റാണ്. “ ഒരു സിനിമ മൂലം തകരുന്നതാണ് മതമെങ്കില്‍ നിരോധിക്കേണ്ടത് മതത്തെ അല്ലേ? ”

വെബ്ദുനിയ വായിക്കുക