ജഗതിയെ കാണാനായി ശ്രീലക്ഷ്മിയും അമ്മയും നിയമയുദ്ധത്തില്‍

ശനി, 12 ജനുവരി 2013 (14:36 IST)
PRO
ജഗതി ശ്രീകുമാറിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ പൊലീസ്‌ സംരക്ഷണം ആവശ്യപ്പെട്ട്‌ തിരുവനന്തപുരം സ്വദേശി ഒ ശശികലയും മകള്‍ എസ്‌ എസ്‌ ശ്രീലക്ഷ്മിയും ഹൈക്കോടതിയെ സമീപിച്ചു.

ജഗതിയുടെ മകളാണ് ശ്രീലക്ഷ്മിയെന്നും വിദ്യാഭ്യാസമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജഗതിയാണ് നോക്കുന്നതെന്നും ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മറ്റൊരു വാരിക നല്‍കിയ അഭിമുഖത്തില്‍ ദത്തുപുത്രിയാണെന്നും വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു.

തങ്ങളെ ഇരുപതു വര്‍ഷമായി സംരക്ഷിക്കുന്നതു ജഗതി ശ്രീകുമാറാണെന്നും, കോഴിക്കോട്ടെ ആശുപത്രിയില്‍ അദ്ദേഹത്തെ മുന്‍പ് സന്ദര്‍ശിച്ചെന്നും ഹര്‍ജിക്കാര്‍ പറയുന്നു. വെല്ലൂരില്‍ ചെന്നു കാണാന്‍ അനുവദിക്കുന്നില്ലെന്നാണു പരാതി.

പൊലീസിനും ജഗതിയുടെ മക്കള്‍ക്കും ജസ്റ്റിസ്‌ കെഎം. ജോസഫ്‌, ജസ്റ്റിസ്‌ സികെ അബ്ദുല്‍ റഷീദ്‌ എന്നിവരുടെ ബെഞ്ച്‌ അടിയന്തര നോട്ടിസ്‌ പുറപ്പെടുവിച്ചു.

അതിരപ്പിള്ളിയിലെ ലൊക്കേഷനില്‍നിന്ന് ലെനിന്‍ രാജേന്ദ്രന്റെ കുടകിലെ ലൊക്കേഷനിലേക്ക് പോകുംവഴി കഴിഞ്ഞെ മാര്‍ച്ച് മാസമായിരുന്നു അപകടം. അപകടവാര്‍ത്തയറിഞ്ഞ് ശശികലയും ശ്രീലക്ഷ്മിയും ജഗതി ശ്രീകുമാറിനെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പോയി കണ്ടിരുന്നു.

അന്ന് അച്ഛനെ കാണാന്‍ അനുവദിച്ച പാര്‍വതിയും മറ്റും ഇപ്പോള്‍ എതിര്‍ക്കുകയാണെന്നാണ് പരാതി. കോടതിയുടെ അനുമതിയോടെ അച്ഛനെ കാണാമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ശ്രീലക്ഷ്മിയും ശശികലയും ഉറച്ചുവിശ്വസിക്കുന്നത്.

കൂടുതല്‍ വായനയ്ക്ക് - ശ്രീലക്ഷ്മി പറയുന്നത് കേള്‍ക്കുക!

ചിത്രത്തിന് കടപ്പാട് - മനോരമ ആഴ്ചപ്പതിപ്പ്

വെബ്ദുനിയ വായിക്കുക