ചെന്നിത്തലയ്ക്കെതിരായ സ്ഥാനാര്‍ത്ഥിക്ക് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ആശീര്‍വാദമുണ്ടാകും!

കാണി

വ്യാഴം, 17 മാര്‍ച്ച് 2016 (12:14 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട് മണ്ഡലം ഏവരും ഉറ്റുനോക്കുന്ന ഒന്നാണ്. രമേശ് ചെന്നിത്തല മത്സരിക്കുന്ന മണ്ഡലം എന്ന നിലയില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലം. ചെന്നിത്തലയെ തളയ്ക്കാന്‍ ഇടതുമുന്നണി ഇറക്കുന്ന സ്ഥാനാര്‍ത്ഥി ആരാവും എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്.
 
ഇപ്പോള്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്നത് സംവിധായകന്‍ കെ മധുവിനാണ്. സിനിമാരംഗത്ത് നില്‍ക്കുമ്പോള്‍ തന്നെ ഹരിപ്പാട് സജീവ പൊതുപ്രവര്‍ത്തനം നടത്തുന്നയാളാണ് കെ മധു. അതുകൊണ്ടുതന്നെ ഹരിപ്പാട്ടെ ഓരോ വ്യക്തിക്കും അടുത്തറിയാവുന്ന ആള്‍ എന്ന നിലയില്‍ കെ മധുവിന് തന്നെ എല്‍ ഡി എഫ് ടിക്കറ്റ് നല്‍കിയേക്കാം.
 
സി പി ഐ സ്ഥാനാര്‍ത്ഥിയായി കെ മധു മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മത്സരത്തിന്‍റെ പാരമ്പര്യം മധുവിന്‍റെ ചോരയില്‍ തന്നെയുള്ളതാണ്. മധുവിന്‍റെ അപ്പൂപ്പനാണ് പഴയ ഹരിപ്പാട് - കരുനാഗപ്പള്ളി മണ്ഡലത്തില്‍ നിന്ന് വിജയിച്ച നീലവന ആര്‍ മാധവന്‍ നായര്‍.
 
കെ മധു മത്സരിക്കുന്നത് സിനിമാപ്രവര്‍ത്തകര്‍ക്കും ഏറെ താല്‍പ്പര്യമുള്ള സംഗതിയാണ്. പ്രത്യേകിച്ചും സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിക്ക്. മമ്മൂട്ടിയുടെ ‘സി ബി ഐ’ സിനിമകളുടെ അമരക്കാരനാണല്ലോ മധു. മോഹന്‍ലാലിനും ‘ഇരുപതാം നൂറ്റാണ്ട്’ പോലുള്ള ചരിത്ര വിജയം നേടിക്കൊടുത്ത സംവിധായകനാണ് കെ മധു.
 
എന്തായാലും സേതുരാമയ്യരുടെയും സാഗര്‍ എലിയാസ് ജാക്കിയുടെയും സ്രഷ്ടാവ് വിജയിച്ചുവരണമെന്ന് മമ്മൂട്ടിയും മോഹന്‍ലാലും ആഗ്രഹിച്ചേക്കാം.

വെബ്ദുനിയ വായിക്കുക