ചിറകൊടിഞ്ഞ കിനാവുകള്‍ - തിരക്കഥ ശ്രീനിവാസന്‍, സംവിധാനം റോഷന്‍ ആന്‍ഡ്രൂസ്!

ചൊവ്വ, 7 ജനുവരി 2014 (21:05 IST)
“കഥയുടെ പേര് ചിറകൊടിഞ്ഞ കിനാവുകള്‍. ഒരു വിറകുവെട്ടുകാരന്‍. അയാള്‍ക്കൊരേയൊരു മകള്‍ - സുമതി, പത്തൊന്‍പത് വയസ്സ്. ഇവള്‍, സ്ഥലത്തെ ഒരു തയ്യല്‍ക്കാരനുമായി പ്രണയത്തിലാണ്. ഈ തയ്യല്‍ക്കാരന്‍ ബഹുമിടുക്കനും സുന്ദരനുമാണ്. അനീതി കണ്ടാല്‍ എതിര്‍ക്കും. ജനങ്ങളുടെ ഏതു കാര്യത്തിനും മുന്നില്‍ കാണും. അങ്ങനെ നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്. എല്ലാറ്റിലും ഉപരി ഈ തയ്യല്‍ക്കാരന്‍ ഒരു നോവലിസ്റ്റുമാണ്. പക്ഷേ വിറകുവെട്ടുകാരന്‍ തന്‍റെ മകളെ ഒരു വലിയ പണക്കാരനായ ഗള്‍ഫുകാരനെ കൊണ്ട് കെട്ടിക്കാനാണ് താല്പര്യം. ഇക്കാര്യം സുമതി തയ്യല്‍ക്കാരനെ അറിയിക്കുന്നു. തയ്യല്‍ക്കാരന്‍ ഗള്‍ഫില്‍ പോകാന്‍ ശ്രമിക്കുന്നു. പക്ഷേ വിസ, അതു കിട്ടുന്നില്ല. അങ്ങനെ നിവൃത്തിയില്ലാതെ തയ്യല്‍ക്കാരന്‍ നോവലെഴുതാന്‍ തുടങ്ങുകയാണ്. അത്ഭുതമെന്ന് പറയട്ടെ, ഏറ്റവും നല്ല നോവലിനുള്ള സര്‍ക്കാര്‍ അവാര്‍ഡ് അതിനു കിട്ടുകയാണ്. പത്തുലക്ഷം രൂപ. ഈ പണം കൊണ്ട് തയ്യല്‍ക്കാരന്‍ ഒരു ഗംഭീര ബംഗ്ലാവ് പണിയുകയാണ്. തനിക്ക് തന്‍റെ പ്രാണപ്രേയസിയോടൊത്ത് താമസിക്കാനാണ് തയ്യല്‍ക്കാരന്‍ ബംഗ്ലാവ് പണിയുന്നത്. പക്ഷേ നിര്‍ഭാഗ്യമെന്ന് പറയട്ടെ, വിറകുവെട്ടുകാരന്‍ തന്‍റെ മകള്‍ക്കൊരു ഗള്‍ഫ് ഭര്‍ത്താവിനെ ഏര്‍പ്പാടാക്കുന്നു. സുമതി കരഞ്ഞു. തയ്യല്‍ക്കാരന്‍ ആ കല്യാണം പൊളിക്കാന്‍ ശ്രമിക്കുന്നു. സാധിക്കുന്നില്ല. ഒടുവില്‍, ബംഗ്ലാവിന്റെ പാലുകാച്ചല്‍ ദിനം വരികയാണ്. അന്നുതന്നെയാണ് സുമതിയും ഗള്‍ഫുകാരനുമായുള്ള വിവാഹവും. അവിടെ കല്യാണവാദ്യഘോഷങ്ങള്‍. ഇവിടെ പാലുകാച്ചല്‍. പാലുകാച്ചല്‍, കല്യാണം. കല്യാണം, പാലുകാച്ചല്‍. കല്യാണം, പാലുകാച്ചല്‍. അതങ്ങോട്ടുമിങ്ങോട്ടും ഇടവിട്ട് കാണിക്കണം. അവിടെ സുമതിയുടെ കഴുത്തില്‍ താലി വീഴുന്ന സമയത്ത് ഇവിടെ കാച്ചിയ പാലില്‍ വിഷം കലക്കി കുടിച്ച് തയ്യല്‍ക്കാരന്‍ പിടയുകയാണ്, പിടയുകയാണ്. പക്ഷേ, താലി കെട്ടുന്നില്ല. സുമതി ഓടി. തയ്യല്‍ക്കാരന്‍ മരിച്ചില്ല, ആശുപത്രിയിലായി. ഡോക്ടര്‍മാര്‍, ഓപ്പറേഷന്‍. ഓപ്പറേഷന്‍, ഡോക്ടര്‍മാര്‍. ഒടുവില്‍ ആശുപത്രിയില്‍ വച്ച് അവര്‍ ഒന്നിക്കുകയാണ്

PRO
മലയാളി നോവലിസ്റ്റായ അംബുജാക്ഷന്‍റെ ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന നോവലിന്‍റെ കഥയാണിത്. പണ്ട് ഈ കഥ പ്രൊഡ്യൂസര്‍ ശങ്കര്‍ദാസിനോടും സംവിധായകന്‍ ശരത്തിനോടും അംബുജാക്ഷന്‍ പറഞ്ഞതാണ്. അന്ന് ചില പാരവയ്പ്പുകള്‍ കാരണം അത് സിനിമയായില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അംബുജാക്ഷന്‍റെ ചിറകൊടിഞ്ഞ കിനാവുകള്‍ സിനിമയാകുകയാണ്.

ശ്രീനിവാസനെ നായകനാക്കി ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന് ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്നാണ് പേര്. ‘അഴകിയ രാവണന്‍’ എന്ന ഹിറ്റ് ചിത്രത്തിലെ അംബുജാക്ഷന്‍ എന്ന കഥാപാത്രം ഈ സിനിമയിലൂടെ വീണ്ടും വരികയാണ്. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സംവിധാനം ചെയ്യും.

വര്‍ഷങ്ങള്‍ക്ക് ശേഷം അംബുജാക്ഷന്‍റെ ചിറകൊടിഞ്ഞ കിനാവുകള്‍ സിനിമയാകുന്നു. ആ സിനിമയുടെ ചിത്രീകരണത്തിനിടയ്ക്ക് അംബുജാക്ഷനുണ്ടാകുന്ന അബദ്ധങ്ങളും അമളികളുമാണ് ചിത്രത്തിന്‍റെ പ്രമേയം.

‘ഹൌ ഓള്‍ഡ് ആര്‍ യു’വിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ഈ സിനിമയുടെ ജോലികള്‍ ആരംഭിക്കും. ശ്രീനിവാസന്‍ തന്നെ ചിത്രത്തിന് തിരക്കഥ രചിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റോഷന്‍ ആന്‍ഡ്രൂസിന്‍റെ ആദ്യചിത്രമായ ഉദയനാണ് താരം എഴുതിയത് ശ്രീനിവാസനായിരുന്നു.

വെബ്ദുനിയ വായിക്കുക