ചിമ്പുവിന്‍റെ ചിത്രത്തില്‍ നിന്ന് നയന്‍‌താര പിന്‍‌മാറി?

ഞായര്‍, 27 ഏപ്രില്‍ 2014 (13:20 IST)
മുന്‍ കമിതാക്കളായ ചിലമ്പരശനും നയന്‍‌താരയും വലിയ ഇടവേളയ്ക്ക് ശേഷം ഒന്നിച്ച് അഭിനയിക്കുന്ന ‘ഇത് നമ്മ ആള്’ എന്ന സിനിമ പ്രതിസന്ധിയില്‍. സിനിമയുടെ ഷൂട്ടിംഗ് അന്തിമഘട്ടത്തോടടുക്കവേ നായിക നയന്‍‌താര ചിത്രത്തില്‍ നിന്ന് പിന്‍‌മാറിയതായി സൂചന. ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുന്നതായി അറിയുന്നു.
 
പശങ്ക പോലെ വന്‍ ഹിറ്റുകള്‍ ഒരുക്കിയ പാണ്ഡിരാജ് ആണ് ചിമ്പുവിനെയും നയന്‍‌സിനെയും ജോഡിയാക്കി ‘ഇത് നമ്മ ആള്’ സംവിധാനം ചെയ്യുന്നത്. ഏറെ കഷ്ടപ്പെട്ടാണ് ഈ രണ്ട് അഭിനേതാക്കളെയും വീണ്ടും ഒരുമിപ്പിക്കാന്‍ പാണ്ഡിരാജിന് കഴിഞ്ഞത്. എന്നാല്‍ ചിത്രം ഇപ്പോള്‍ പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്.
 
ചിമ്പുവുമായുള്ള എന്തെങ്കിലും അഭിപ്രായവ്യത്യാസമല്ല നയന്‍‌താര പ്രൊജക്ടിനോട് സഹകരിക്കാതിരിക്കാന്‍ കാരണം. രണ്ടുകോടി രൂപയാണ് ഈ സിനിമയില്‍ അഭിനയിക്കുന്നതിന് നയന്‍‌സിന് വാഗ്ദാനം ചെയ്തിരുന്നത്. ചിത്രം പൂര്‍ത്തിയാകാറായിട്ടും പ്രതിഫലത്തുകയില്‍ അമ്പതുലക്ഷം രൂപ നയന്‍‌സിന് നല്‍കിയില്ലത്രേ. ഇതോടെ ഷൂട്ടിംഗില്‍ നിന്ന് പിന്‍‌മാറാന്‍ നയന്‍‌താര തീരുമാനിക്കുകയായിരുന്നു എന്നറിയുന്നു.
 
ചിമ്പു ഇപ്പോള്‍ ശെല്‍‌വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. നയന്‍‌താരയാകട്ടെ തന്‍റെ തെലുങ്ക് ചിത്രങ്ങളുടെ തിരക്കിലേക്ക് നീങ്ങിക്കഴിഞ്ഞു. ‘ഇത് നമ്മ ആള്’ എന്ന സിനിമയുടെ ബാക്കിഭാഗം സമീപകാലത്തൊന്നും ഷൂട്ട് ചെയ്യാന്‍ കഴിയുമെന്ന വിശ്വാസം ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ക്കു പോലുമില്ല. 

വെബ്ദുനിയ വായിക്കുക