'കൊല്‍ക്കത്ത കഥ’ മാറ്റി, രഞ്ജിത് - മോഹന്‍ലാല്‍ - മഞ്ജുവാര്യര്‍ ടീമിന്‍റേത് ഒരു കുടുംബചിത്രം!

തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2013 (19:20 IST)
PRO
‘കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി’ പ്രതീക്ഷകള്‍ തകര്‍ത്തെങ്കിലും പുതിയ സിനിമയുടെ സജീവ ചര്‍ച്ചാത്തിരക്കില്‍ തന്നെയായിരുന്നു സംവിധായകന്‍ രഞ്ജിത്. മോഹന്‍ലാലിനെ നായകനാക്കിയാണ് രഞ്ജിത് പുതിയ പടം തുടങ്ങാനിരുന്നത്. കൊല്‍ക്കത്തയില്‍ നടക്കുന്ന ഒരു കഥ ഇതിനായി തയ്യാറാക്കുകയും ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അതില്‍ ഒരു മാറ്റം ഉണ്ടായത്. മോഹന്‍ലാലും രഞ്ജിത്തും ആന്‍റണി പെരുമ്പാവൂരുമായുള്ള ചര്‍ച്ചകള്‍ക്കിടെ ‘മഞ്ജുവാര്യര്‍’ എന്ന പ്രതിഭാസം ഉയര്‍ന്നുവന്നു. പുതിയ സിനിമയില്‍ മഞ്ജുവിനെ നായികയാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നു. ഫോണില്‍ സംസാരിച്ചപ്പോള്‍ മഞ്ജുവിനും സമ്മതം.

‘കൊല്‍ക്കത്ത കഥ’ മാറ്റിവയ്ക്കാന്‍ തീരുമാനമായി. മഞ്ജുവിന് അഡ്വാന്‍സുമായി ആന്‍റണി പെരുമ്പാവൂര്‍ അപ്പോള്‍ തന്നെ പുള്ളിലേക്ക് പറന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ ഒരു നായിക നടി വാങ്ങിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തില്‍ കരാറുറപ്പിച്ചു.

മോഹന്‍ലാലിനും ‘ലേഡി മോഹന്‍ലാലിനും’ പരമാവധി പെര്‍ഫോം ചെയ്യാന്‍ സാധ്യതയുള്ള ഒരു കഥയാണ് രഞ്ജിത് ഇപ്പോള്‍ ആലോചിക്കുന്നത്. ഒരു കുടുംബകഥയാണിതെന്ന് സൂചന. മോഹന്‍ലാലിന്‍റെ ഭാര്യയായാണ് മഞ്ജു അഭിനയിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

വാല്‍ക്കഷണം: ഈ ചിത്രത്തിന് ‘മാന്‍ ഫ്രൈഡേ’ എന്ന് പേരിട്ടതായി ഒരു റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. സ്ഥിരീകരിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക