കൊടുംമഴ, വേതാളം പക്ഷേ ഉയർന്നുപൊങ്ങിപ്പറക്കുന്നു, 'കത്തി'യെ തകർത്തു!

വെള്ളി, 13 നവം‌ബര്‍ 2015 (14:18 IST)
തമിഴ്‌നാട് കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ മഴദുരിതം ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ചെന്നൈയിലാണെങ്കിൽ റോഡുകളൊക്കെ വെള്ളത്തിനടിയിലായി. വാഹനയാത്രയും കാൽനടയാത്രയും ദുസ്സഹമായി. വിദ്യാഭ്യാസസ്ഥാപനങ്ങൾക്കൊക്കെ ഒരാഴ്ചയായി അവധി കൊടുത്തിരിക്കുന്നു. എന്നാൽ ഈ കാറ്റും മഴയുമൊന്നും ബാധിക്കാത്ത ഒരു സ്ഥലമുണ്ട്. അജിത് ചിത്രം 'വേതാളം' കളിക്കുന്ന തിയേറ്ററുകൾ. മഴയും വെള്ളപ്പൊക്കവും അവഗണിച്ച് വേതാളം കാണാനെത്തി ടിക്കറ്റ് കിട്ടാതെ മടങ്ങുന്നത് ലക്ഷക്കണക്കിന് പേരാണ്. തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് വേതാളം.
 
റിലീസ് നാളിൽ വേതാളത്തിൻറെ കളക്ഷൻ എത്രയാണെന്നറിയുമോ? തമിഴ്നാട്ടിൽ നിന്നുമാത്രം 15.3 കോടി. വിജയ് നായകനായ കത്തി ആദ്യദിനത്തിൽ നേടിയ 14.3 കോടി എന്ന റെക്കോർഡാണ് വേതാളം മറികടന്നത്. ചിത്രത്തേക്കുറിച്ച് സമ്മിശ്ര അഭിപ്രായമാണ് നിരൂപകർക്ക് ഉള്ളതെങ്കിലും ജനങ്ങൾ അതൊന്നും കാര്യമാക്കുന്നില്ല. ശ്രുതിഹാസനും ലക്ഷ്മി മേനോനും അഭിനയിച്ച ഈ കൊമേഴ്സ്യൽ എന്റർടെയ്നർ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ കോടികൾ ലാഭം നേടുമെന്നാണ് റിപ്പോർട്ട്.
 
ശിവ സംവിധാനം ചെയ്ത വേതാളം പൂർണമായും കമൽഹാസന്റെ തൂങ്കാവനത്തെ തൂക്കിയെറിയുന്ന ദൃശ്യമാണ് കാണാനാകുന്നത്. വേതാളം വിശ്വരൂപം പ്രദർശിപ്പിച്ചതും കനത്ത മഴയും തൂങ്കാവനത്തെ പരാജയത്തിലേക്ക് നയിക്കുകയാണ്. നല്ല ത്രില്ലറാണെന്ന അഭിപ്രായം നേടിയിട്ടും തൂങ്കാവനത്തിന് പിടിച്ചുനിൽക്കാനാവുന്നില്ല.
 

വെബ്ദുനിയ വായിക്കുക