സാധാരണയായി കണ്ടുവരുന്ന ഒരു പ്രതിഭാസമുണ്ട്. കേരളത്തില്‍ ചില നല്ല സിനിമകള്‍ റിലീസ് ചെയ്യുന്ന സമയത്ത് ഏതെങ്കിലുമൊരു ബ്രഹ്മാണ്ഡ തമിഴ് ചിത്രവും ഒപ്പം പ്രദര്‍ശനത്തിനെത്തും. എല്ലാവരും തമിഴ് സിനിമയുടേ പിറകെ പോകും. മലയാള സിനിമകള്‍ക്ക് ലഭിക്കേണ്ട കളക്ഷനെല്ലാം പോക്കറ്റിലാക്കി തമിഴ്നാട്ടിലേതിനേക്കാള്‍ വലിയ വിജയം തമിഴ് പടം കേരളത്തില്‍ നേടുകയും ചെയ്യും. വലിയ താരങ്ങളുടെ തമിഴ് ചിത്രം വരുന്ന സമയത്ത് കേരളത്തിലെ തിയേറ്ററുകള്‍ മലയാള സിനിമകളേക്കാള്‍ പ്രാധാന്യം തമിഴ് ചിത്രത്തിന് നല്‍കുന്നതും പതിവാണ്. മലയാള സിനിമകള്‍ക്ക് തിയേറ്ററുകള്‍ കിട്ടാനില്ലെന്ന പരാതി ഒരു സ്ഥിരം കാഴ്ചയും.
കഴിഞ്ഞ ദിവസവും ഒരു വമ്പന്‍ തമിഴ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തി. സൂര്യ നായകനാകുന്ന ‘മാസ്’. ഒപ്പം രണ്ട് മലയാള ചിത്രങ്ങളും. നിവിന്‍ പോളിയുടെ പ്രേമം, പൃഥ്വി - നിവിന്‍ ടീമിന്‍റെ ഇവിടെ. എല്ലാവരും മാസ് കേരളത്തില്‍ റെക്കോര്‍ഡിഡുമെന്നുതന്നെ പ്രതീക്ഷിച്ചു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. തമിഴകത്തെ ബ്രഹ്മാണ്ഡ സിനിമയെ മലര്‍ത്തിയടിച്ച് ‘പ്രേമം’ മെഗാഹിറ്റായി മാറി.
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ‘പ്രേമം’ നേടുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഹൌസ്ഫുള്‍ ബോര്‍ഡ് തൂങ്ങുന്നു എന്നതല്ല. എല്ലാ കേന്ദ്രങ്ങളിലും ആയിരങ്ങള്‍ ടിക്കറ്റ് കിട്ടാതെ മടങ്ങുകയാണ്. എല്ലാ സെന്‍ററുകളിലും ടിക്കറ്റിനായി നീണ്ട ക്യൂ. പലയിടങ്ങളിലും ക്യൂ കാരണം ട്രാഫിക് ബ്ലോക്ക്. പൊലീസ് ലാത്തിച്ചാര്‍ജ്ജ് പോലും വേണ്ടിവരുമെന്ന നിലയില്‍ ജനക്കൂട്ടം. ചിത്രം, കിലുക്കം, അനിയത്തിപ്രാവ്, മണിച്ചിത്രത്താഴ്, ഗോഡ്ഫാദര്‍, ദൃശ്യം, ബാംഗ്ലൂര്‍ ഡെയ്സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് മാത്രം കണ്ടിരുന്ന ആവേശവും ആനന്ദവും പ്രേക്ഷകരില്‍.
അതേ, കേരളം ‘പ്രേമ’ക്കുരുക്കില്‍ പെട്ടിരിക്കുന്നു. യുവാക്കാള്‍ക്ക് ‘പ്രേമ’പ്പനി പിടിച്ചിരിക്കുന്നു. തിയേറ്ററുകളെ ഉത്സവമാക്കുന്ന വിജയമാണ് പ്രേമം നേടുന്നത്. ഒപ്പം നിവിന്‍ പോളി സൂപ്പര്‍സ്റ്റാര്‍ പദവിയിലും അവരോധിക്കപ്പെട്ടിരിക്കുന്നു. നിവിന്‍ പോളി എന്ന താരത്തിന്‍റെ ചുമലിലേറിയാണ് ഈ സിനിമ സഞ്ചരിക്കുന്നത്. അതിലൊക്കെ അത്ഭുതമായി ‘മലര്‍’ എന്ന കഥാപാത്രവും.
അല്‍ഫോണ്‍സ് പുത്രന്‍ തന്‍റെ മാജിക് ആവര്‍ത്തിച്ചിരിക്കുന്നു. ഒരു ടീസറോ ട്രെയിലറോ ഇല്ലാതെ പ്രദര്‍ശനത്തിനെത്തിയ ‘പ്രേമം’ എല്ലാ ഭാഷകളിലെയും സൂപ്പര്‍സ്റ്റാറുകളെപ്പോലും അമ്പരപ്പിക്കുന്ന ഇടിമുഴങ്ങുന്ന, ഭൂമികുലുക്കുന്ന തകര്‍പ്പന്‍ ഹിറ്റായി മാറുകയാണ്.