കുഞ്ചാക്കോ ബോബന്‍ ഭവനഭേദനത്തിന്!

വെള്ളി, 4 ഫെബ്രുവരി 2011 (14:36 IST)
PRO
കുഞ്ചാക്കോ ബോബന്‍ ബുദ്ധിപൂര്‍വമുള്ള തീരുമാനങ്ങളിലൂടെ കരിയറിനെ മുന്നോട്ടുനയിക്കുകയാണ്. തന്‍റെ രണ്ടാം വരവില്‍ ചോക്ലേറ്റ് കഥാപാത്രങ്ങളെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടാണ് യാത്ര. കാമ്പുള്ള കഥാപാത്രങ്ങളെ മാത്രമേ പ്രേക്ഷകര്‍ സ്വീകരിക്കൂ എന്ന തിരിച്ചറിവില്‍ മികച്ച തിരക്കഥകള്‍ തെരഞ്ഞെടുക്കുകയാണ് ചാക്കോച്ചന്‍.

കുറേക്കാലം മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വി ആര്‍ സുധീഷിന്‍റെ ഒരു കഥ പ്രസിദ്ധീകരിച്ചു. കഥയുടെ പേര് ‘ഭവനഭേദനം’. വ്യത്യസ്തമായ ഒരു കഥയായി അതിനെ വായനക്കാര്‍ വിലയിരുത്തിയപ്പോള്‍ സുധീഷിന് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചു. സംവിധായകന്‍ കരീമും ആ കഥ വായിച്ചിരുന്നു. അദ്ദേഹം ആ കഥ സിനിമയാക്കാന്‍ തീരുമാനിച്ചു.

വി ആര്‍ സുധീഷുമായി കരീം ഇക്കാര്യം സംസാരിച്ചപ്പോള്‍ അദ്ദേഹത്തിനും സമ്മതം. ഈ കഥയുമായി കരീം കുഞ്ചാക്കോ ബോബനെ സമീപിച്ചു. കഥ വായിച്ചുകഴിഞ്ഞപ്പോള്‍ ചാക്കോച്ചന്‍ കരീമിന് കൈകൊടുത്തു. ഈ കഥ സിനിമയാകുമ്പോള്‍ അഭിനയിക്കാന്‍ പൂര്‍ണസമ്മതം അറിയിച്ചു.

‘ഭവനഭേദനം’ സിനിമയാകുകയാണ്. കുഞ്ചാക്കോബോബന്‍ നായകനാകുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ അഭിനേതാക്കളുടെ സാന്നിധ്യവും ഉണ്ടാകും. ഏഴരക്കൂട്ടം, അഗ്നിനക്ഷത്രം തുടങ്ങിയ സിനിമകളുടെ സംവിധായകനായ കരീമിന്‍റെ വിജയകരമായ തിരിച്ചുവരവുകൂടിയായിരിക്കും ഭവനഭേദനം എന്നതില്‍ സംശയമില്ല.

വെബ്ദുനിയ വായിക്കുക