'കിക്ക്' സൂപ്പര്‍, സല്‍മാന്‍ ഷോ!

വെള്ളി, 25 ജൂലൈ 2014 (15:10 IST)
സല്‍മാന്‍ ഖാന്‍ നായകനായ 'കിക്ക്' എന്ന ഹിന്ദിച്ചിത്രം പ്രദര്‍ശനത്തിനെത്തി. ഗംഭീര ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ എന്നാണ് റിപ്പോര്‍ട്ട്. സൂപ്പര്‍ ചേസ് രംഗങ്ങളും ആക്ഷന്‍ രംഗങ്ങളുമാണ് സിനിമയുടെ ഹൈലൈറ്റ്. സജിദ് നദിയാദ്‌വാല സംവിധാനം ചെയ്ത ഈ സിനിമയിലെ റൊമാന്‍സ് രംഗങ്ങളും പാട്ടുകളും പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. സല്‍‌മാന്‍റെ ഹാംഗ്‌ഓവര്‍ ഗാനം ആരാധകരെ ത്രില്ലടിപ്പിക്കുന്നു.

തെലുങ്ക് ചിത്രമായ കിക്കിന്‍റെ ഹിന്ദി റീമേക്കാണിത്. തില്ലാലങ്കിടി എന്ന പേരില്‍ ഈ സിനിമ തമിഴിലേക്കും റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ലോജിക്കിനെക്കുറിച്ച് ചിന്തിക്കാതെ എന്‍റര്‍ടെയ്ന്‍‌മെന്‍റ് മാത്രം ലക്‍ഷ്യം വയ്ക്കുന്നവര്‍ക്ക് ആഘോഷമാണ് ഈ ചിത്രം.

42 രാജ്യങ്ങളിലായി 5000 സ്ക്രീനുകളിലാണ് കിക്ക് പ്രദര്‍ശിപ്പിക്കുന്നത്. സാധാരണ ഇന്ത്യന്‍ സിനിമകള്‍ എത്താത്ത ഫ്രാന്‍സിലും മൊറോക്കോയിലും മാലിദ്വീപിലും ജര്‍മ്മനിയിലുമൊക്കെ കിക്ക് എത്തിയിരിക്കുന്നു എന്നതാണ് പ്രത്യേകത. ചേതന്‍ ഭഗത്താണ് കിക്കിന് തിരക്കഥയെഴുതിയിരിക്കുന്നത്.

ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നവാസുദ്ദീന്‍ സിദ്ദിക്കി, രണ്‍‌ദീപ് ഹൂഡ, മിഥുന്‍ ചക്രബര്‍ത്തി എന്നിവരും ചിത്രത്തില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. അയനങ്ക ബോസിന്‍റെ ക്യാമറയും ഹിമേഷ് രഷാമ്മിയയുടെ സംഗീതവും ചിത്രത്തിന്‍റെ മാറ്റ് കൂട്ടുന്നു. അവസാനവാക്കായി പറയുകയാണെങ്കില്‍, ഇതൊരു സല്‍മാന്‍ ഖാന്‍ ഷോ ആണ്. സല്‍മാന്‍റെ ആരാധകര്‍ക്ക് ഒന്നാന്തരമൊരു വിരുന്ന്.

വെബ്ദുനിയ വായിക്കുക