കിംഗ് ഖാനെ ചൈനയും എതിരേല്‍ക്കുന്നു!

ഞായര്‍, 31 ഒക്‌ടോബര്‍ 2010 (11:39 IST)
PRO
ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരൂഖ് തന്നെ! ഷാരൂഖിന്റെ ‘മൈ നെയിം ഈസ് ഖാന്‍’ എന്ന സിനിമയ്ക്ക് ചൈനയില്‍ പ്രദര്‍ശനാനുമതി ലഭിച്ചിരിക്കുന്നു. എല്ലാ കാര്യത്തിലും കടുത്ത നിയന്ത്രണം പാലിക്കുന്ന ചൈന ‘മൈ നെയിം ഈസ് ഖാന്‍‘ എന്ന ചിത്രത്തിന്റെ കാര്യത്തില്‍ അപ്രതീക്ഷിത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

നവംബര്‍ 30 ന് ബീജിംഗില്‍ നടക്കുന്ന പ്രീമിയറില്‍ പങ്കെടുക്കുന്നതിന് നായകന്‍ ഷാരൂഖും പോകുന്നുണ്ട്. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമ ചൈനയില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നത് എന്ന് കൂടി മനസ്സിലാക്കിയാല്‍ ഷാരൂഖ് സിനിമയ്ക്ക് ലഭിച്ച അംഗീകാരത്തിന്റെ വലുപ്പം മനസ്സിലാക്കാന്‍ കഴിഞ്ഞേക്കും!

ഒരു വര്‍ഷം വെറും 20 വിദേശ സിനിമകള്‍ക്ക് മാത്രമാണ് ചൈന പ്രദര്‍ശനാനുമതി നല്‍കുന്നത്. അവസാനം ചൈനയിലെത്തിയ ഇന്ത്യന്‍ സിനിമ ഏതെന്ന് ഓര്‍മ്മിച്ചെടുക്കാന്‍ സാധിക്കുന്നില്ല എന്നാണ് മൈ നെയിം ഈസ് ഖാനിന്റെ നിര്‍മ്മാതാവ് കരണ്‍ ജോഹര്‍ പറയുന്നത്.

ഇപ്പോള്‍ ബെര്‍ലിനില്‍ ഫര്‍ഹാന്‍ അക്തറിന്റെ ‘ഡോണ്‍ 2”വില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഷാരൂഖ് അവിടെ നിന്നാവും പ്രീമിയറില്‍ പങ്കെടുക്കുന്നതിനായി ചൈനയിലേക്ക് പോവുക.

വെബ്ദുനിയ വായിക്കുക