കാവലന്‍ കഴിഞ്ഞു, അസിന്‍ ഇനി രജനിക്കൊപ്പം

തിങ്കള്‍, 14 ഫെബ്രുവരി 2011 (14:29 IST)
IFM
അസിന്‍ തമിഴകത്ത് വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഗജിനിയിലൂടെ ഹിന്ദിയില്‍ അരങ്ങേറ്റം നടത്തിയെങ്കിലും മികച്ച പ്രൊജക്ടുകള്‍ ലഭിക്കാതിരിക്കുന്നത് അസിനെ അസ്വസ്ഥയാക്കുന്നുണ്ട്. സല്‍‌മാനൊപ്പമുള്ള ‘റെഡി’ റിലീസ് ചെയ്യാനിരിക്കെ ചില ഹിന്ദി പ്രൊജക്ടുകള്‍ ചര്‍ച്ചയിലാണെങ്കിലും തമിഴകത്ത് തനിക്ക് നഷ്ടമായ സിംഹാസനം തിരിച്ചുപിടിക്കാന്‍ തന്നെയാണ് അസിന്‍റെ തീരുമാനം.

അസിന്‍ ഹിന്ദിയിലേക്ക് പോയതിന്‍റെ ഒഴിവിലാണ് തമന്ന തമിഴില്‍ താരറാണിയായത്. ഇപ്പോള്‍ തമന്നയ്ക്ക് അല്‍പ്പം ഡിമാന്‍ഡ് കുറഞ്ഞുനില്‍ക്കുന്ന അവസരത്തില്‍ ആഞ്ഞടിക്കാന്‍ തന്നെയാണ് അസിന്‍ ശ്രമിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം അഭിനയിച്ച ‘കാവലന്‍’ ഹിറ്റായതോടെ വലിയ താരങ്ങളുടെ സിനിമയില്‍ ഇടം നേടാനുള്ള ശ്രമമാണ് അസിന്‍ നടത്തുന്നത്.

പുതിയ വാര്‍ത്ത, രജനീകാന്തിന്‍റെ അടുത്ത സിനിമയായ ‘റാണ’യില്‍ ഒരു നായിക അസിന്‍ ആയിരിക്കും എന്നതാണ്. മൂന്നു നായികമാരാണ് ഈ സിനിമയില്‍ ഉള്ളത്. ദീപിക പദുക്കോണാണ് ഒരാള്‍. അസിനെയും തീരുമാനിച്ചു കഴിഞ്ഞു. മൂന്നാമത്തെ നായിക ആരെന്ന് തീരുമാനമായിട്ടില്ല. എന്നാല്‍ അമീഷ പട്ടേലിനെ മൂന്നാമത്തെ നായികയായി തീരുമാനിച്ചു എന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്.

കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന റാണയില്‍ മൂന്നു കഥാപാത്രങ്ങളെയാണ് രജനീകാന്ത് അവതരിപ്പിക്കുന്നത്. രവികുമാറിന്‍റെ ദശാവതാരം, വരലാറ് എന്നീ സിനിമകളില്‍ അസിനായിരുന്നു നായിക. നൂറുകോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന റാണയുടെ സംഗീതം എ ആര്‍ റഹ്‌മാന്‍.

വെബ്ദുനിയ വായിക്കുക