കര്‍മ്മയോദ്ധ, മെക്സിക്കന്‍ സിനിമകള്‍, മാന്‍ ഓണ്‍ ഫയര്‍ !

വ്യാഴം, 18 ഒക്‌ടോബര്‍ 2012 (12:42 IST)
PRO
‘മാഡ് മാഡി’ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ വിലസുന്ന ചിത്രമാണ് കര്‍മ്മയോദ്ധ. അതിലുപരി ഇതൊരു മേജര്‍ രവി ചിത്രം കൂടിയാണ്. മോഹന്‍ലാലും മേജര്‍ രവിയും ഒത്തുചേരുമ്പോള്‍ പ്രേക്ഷക പ്രതീക്ഷകളും വാനോളം ഉയരും. ആ പ്രതീക്ഷകളെയൊക്കെ സഫലീകരിക്കുന്ന കഥാപാത്രത്തെയാണ് മോഹന്‍ലാലിനായി മേജര്‍ കര്‍മ്മയോദ്ധയില്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഹോളിവുഡ് സിനിമകള്‍ അതേപോലെ അടിച്ചുമാറ്റി ന്യൂജനറേഷന്‍ സിനിമയാക്കുന്ന കാലമാണ് ഇപ്പോള്‍ മലയാള സിനിമയില്‍. കര്‍മ്മയോദ്ധയുടെ കഥ മേജര്‍ രവിയുടെ മനസില്‍ ആദ്യമായി രൂപപ്പെട്ടതെങ്ങനെയാണ്?. ചില മെക്സിക്കന്‍ സിനിമകളാണ് അതിന് കാരണമെന്ന് മേജര്‍ രവി പറയുന്നു. മെക്സിക്കന്‍ സിനിമകള്‍ രവി അടിച്ചുമാറ്റിയതൊന്നുമല്ല കേട്ടോ. ആ സിനിമകളാണ് ഈ കഥയുടെ ചിന്തയിലേക്ക് വഴിതിരിച്ചുവിട്ടത്.

“ധാരാളം ഇംഗ്ലീഷ് - മെക്സിക്കന്‍ സിനിമകള്‍ കാണുന്നയാളാണ് ഞാന്‍. മെക്സിക്കന്‍ സിനിമകളില്‍ പത്തും പതിമൂന്നും വയസുള്ള കുട്ടികള്‍ റേപ്പിനിരയാകുന്നത് കണ്ടിട്ടുണ്ട്. അതുവച്ച് ഞാന്‍ ഇന്ത്യയില്‍ അന്വേഷിച്ചു. വര്‍ഷത്തില്‍ 600ലധികം പെണ്‍കുട്ടികളെ കാണാതാകുന്നു എന്ന സത്യം ഞാന്‍ മനസിലാക്കി. ഇവര്‍ എവിടെപ്പോകുന്നു എന്നറിയില്ല. അന്വേഷണത്തില്‍ കണ്ടെയ്‌നറുകളില്‍ പെണ്‍കുട്ടികളെ ദൂരസ്ഥലങ്ങളിലേക്ക് കടത്തുകയാണെന്ന് മനസിലായി” - കര്‍മ്മയോദ്ധയും മെക്സിക്കന്‍ സിനിമകളും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് മേജര്‍ രവി വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

അടുത്ത പേജില്‍ - മാന്‍ ഓണ്‍ ഫയര്‍, പിടിച്ചാല്‍ കിട്ടാത്ത സ്പീഡും!

PRO
മുംബൈയിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ മാധവമേനോന്‍ എന്ന മാഡ് മാഡിയായാണ് മോഹന്‍ലാല്‍ കര്‍മ്മയോദ്ധയില്‍ അഭിനയിക്കുന്നത്. ഈ സിനിമ പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാത്ത, വളരെ വേഗത്തില്‍ കഥ പറഞ്ഞുപോകുന്ന ചിത്രമാണെന്ന് മേജര്‍ രവി വ്യക്തമാക്കി.

“മാഡിയുടെ യാത്ര, ചിത്രത്തിന്‍റെ സ്പീഡ് ഇതൊക്കെയായിരിക്കും കര്‍മ്മയോദ്ധയുടെ ഹൈലൈറ്റ്. കണ്ണടച്ചുതുറക്കും മുമ്പ് സിനിമ കഴിയും‌പോലെ തോന്നും. അത്രയ്ക്ക് സ്പീഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്” - മേജര്‍ രവി വ്യക്തമാക്കി.

മോഹന്‍ലാല്‍ കര്‍മ്മയോദ്ധയില്‍ ഒരു ഫയര്‍ ബ്രാന്‍ഡ് പൊലീസ് ഓഫീസറാണ്. തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച ഉദ്യോഗസ്ഥന്‍.

“മാന്‍ ഓണ്‍ ഫയര്‍ എന്ന ചിത്രത്തില്‍ ഡെന്‍സില്‍ വാഷിംഗ്ടണ്‍ അവതരിപ്പിച്ച കഥാപാത്രത്തേപ്പോലെയാണ് മാഡ് മാഡിയുടെ ക്യാരക്ടറൈസേഷന്‍. ഒറ്റയ്ക്ക് ഒരു ദൌത്യം ഏറ്റെടുത്ത് വിജയിപ്പിക്കുന്ന സ്റ്റൈല്‍” - മേജര്‍ രവി വിശദമാക്കി.

അടുത്ത പേജില്‍ - മോഹന്‍ലാല്‍ അടിച്ചുപൊളിക്കുന്നു!

PRO
മോഹന്‍ലാല്‍ മീശ പരിച്ചപ്പോഴൊക്കെ മലയാളത്തില്‍ മെഗാഹിറ്റുകള്‍ പിറന്നിട്ടുണ്ട്. പക്ഷേ ചില സംവിധായകര്‍ അദ്ദേഹത്തെക്കൊണ്ട് മീശ പിരിപ്പിക്കുന്നത് പതിവായപ്പോള്‍ പ്രേക്ഷകര്‍ക്ക് മടുത്തു. എങ്കിലും പൌരുഷത്തിന്‍റെ ആള്‍‌രൂപമായ മോഹന്‍ലാലിന്‍റെ മീശ പിരിച്ച മുഖം കാണാന്‍ മലയാളികള്‍ ഇടയ്ക്കിടെ ആഗ്രഹിക്കാറുണ്ട്. ‘കര്‍മ്മയോദ്ധ’ എന്ന ചിത്രത്തില്‍ മീശ പിരിച്ചുവച്ച മോഹന്‍ലാലിനെയാകും പ്രേക്ഷകര്‍ക്ക് ലഭിക്കുക. ഒപ്പം താടിയും വളര്‍ത്തിയിട്ടുണ്ട് എന്നൊരു പ്രത്യേകത മാത്രം. മോഹന്‍ലാലിന്‍റെ ഈ ലുക്ക് ഇപ്പോള്‍ തന്നെ വന്‍ ഹിറ്റായിക്കഴിഞ്ഞു.

മുഖം നോക്കാതെ കുറ്റവാളികള്‍ക്ക് നേരെ നടപടിയെടുക്കുന്ന മാഡിയെ ആര്‍ക്കും സ്വാധീനിക്കാനാവില്ല. അയാള്‍ ഒരു പ്രത്യേക ദൌത്യവുമായി കേരളത്തിലെത്തുകയാണ്. മേജര്‍ രവി തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ സായികുമാര്‍, ആശാ ശരത്ത്, സോന ഹൈഡന്‍, ഐശ്വര്യ ദേവന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. എം ജി ശ്രീകുമാര്‍ സംഗീതം നിര്‍വഹിക്കുന്ന കര്‍മ്മയോദ്ധയുടെ ഛായാഗ്രഹണം പ്രദീപ് നായര്‍.

മേജര്‍ രവിയുടെ പതിവ് ട്രാക്കായ മിലിട്ടറി പശ്ചാത്തലം ഈ സിനിമയ്ക്ക് ഉണ്ടാവില്ല. എന്നാല്‍ ഇതൊരു ഇന്‍‌വെസ്റ്റിഗേഷന്‍ ത്രില്ലറായിരിക്കും. വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന കുട്ടികളുടെ മാനസികാവസ്ഥയെക്കുറിച്ച് ആ‍ഴത്തിലുള്ള പഠനമാണ് കര്‍മയോദ്ധ ലക്‍ഷ്യം വയ്ക്കുന്നത്.

ആക്ഷന് പ്രാധാന്യം നല്‍കുമ്പോള്‍ തന്നെ ഇതൊരു കുടുംബചിത്രമായിരിക്കും. നായികമാര്‍ക്കും പ്രാധാന്യമുള്ള സിനിമ. ഓഗസ്റ്റ് ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം മുംബൈ, കൊച്ചി, മൂന്നാര്‍, നാഗര്‍കോവില്‍ എന്നിവിടങ്ങളിലായാണ് പൂര്‍ത്തിയായിരിക്കുന്നത്.

കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നിവയാണ് മോഹന്‍ലാല്‍ - മേജര്‍ രവി ടീമിന്‍റെ ചിത്രങ്ങള്‍. കാണ്ഡഹാര്‍ ഒഴികെ മറ്റ് രണ്ട് ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു.

വെബ്ദുനിയ വായിക്കുക