കമല്ഹാസന് ബാലന്‍സ്ഡ് ആയി സിനിമ ചെയ്യാന്‍ താല്‍പ്പര്യമുള്ളയാളാണ്. ഒരു വലിയ സിനിമ ചെയ്താല്‍ അടുത്ത രണ്ട് ചിത്രങ്ങള്‍ ലാളിത്യമുള്ള സിനിമകളാകാന്‍ കമല്‍ എന്നും ശ്രദ്ധിക്കാറുണ്ട്. ബിഗ്ബജറ്റില്‍ ഒരുപാട് ആക്ഷന്‍ സീക്വന്‍സുകളും സംഘര്‍ഷങ്ങളുമെല്ലാമുള്ള സിനിമകള്‍ ചെയ്ത ശേഷം കമല്‍ അടുത്തതായി ചെയ്യുന്നത് ഒരു കോമഡിച്ചിത്രമായിരിക്കും. അത് വര്‍ഷങ്ങളായി കമല്‍ തുടര്‍ന്നുവരുന്ന ശീലമാണ്.
വിശ്വരൂപം 2 ആണ് കമലിന്‍റേതായി റിലീസ് കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം. ആ സിനിമ കമല്‍ഹാസന്‍റെ സ്വപ്ന പദ്ധതികളിലൊന്നാണ്. അത് റിലീസ് ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. അതിനിടയില്‍ ചെറിയ ചിത്രങ്ങള്‍ ചെയ്യാനാണ് കമലിന്‍റെ ശ്രമം. ‘സബാഷ് നായിഡു’ എന്നൊരു കോമഡിച്ചിത്രം കമല്‍ ചെയ്തുകൊണ്ടിരിക്കുന്നു.
തോപ്പില്‍ ജോപ്പന്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണെങ്കില്‍ അതിന് ഏറ്റവും പറ്റിയ നടന്‍ കമല്‍ഹാസനാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇത്രയും ലളിതമായ, ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങളുള്ള സിനിമകള്‍ എന്നും ഒന്നാന്തരമാക്കിയിട്ടുണ്ട് കമല്‍. പഞ്ചതന്ത്രം, മൈക്കിള്‍ മദന്‍ കാമരാജന്‍, സതി ലീലാവതി, മുംബൈ എക്സ്പ്രസ്, കാതലാ കാതലാ, തെനാലി തുടങ്ങി നല്ല ഹ്യൂമര്‍ ചിത്രങ്ങളുടെ ഗണത്തിലേക്ക് പറ്റിയ ചിത്രം തന്നെയായിരിക്കും തോപ്പില്‍ ജോപ്പന്‍ റീമേക്ക്.