ഒറീസ നിരാശപ്പെടുത്തി, ബോക്സോഫീസ് പ്രകടനം മോശം!

തിങ്കള്‍, 20 മെയ് 2013 (15:10 IST)
PRO
ഏറെ പ്രതീക്ഷയുണര്‍ത്തിയ ഒരു പ്രൊജക്ടായിരുന്നു ഉണ്ണി മുകുന്ദന്‍ നായകനായ ‘ഒറീസ’. അതിന്‍റെ പ്രധാന കാരണം ചിത്രത്തിന്‍റെ തിരക്കഥ ജി എസ് അനില്‍ ആണ് എന്നതാണ്. അനിലിന്‍റെ ആദ്യചിത്രമായ ‘വെള്ളരിപ്രാവിന്‍റെ ചങ്ങാതി’ ഒരു നല്ല സിനിമ എന്ന നിലയില്‍ പ്രേക്ഷകപ്രീതി നേടുകയും ദിലീപിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ‘ഒറീസ’ ആ പ്രതീക്ഷയെല്ലാം തകര്‍ക്കുകയാണ്. വളരെ റിയലിസ്റ്റിക്കായ ഒരു കഥാപശ്ചാത്തലമുണ്ടായിട്ടും, നല്ലൊരു ത്രെഡ് ഉണ്ടായിട്ടും ഈ സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു. മോശം തിരക്കഥയും അപരിചിതമായ കഥാന്തരീക്ഷവും മനസിലാകാത്ത ഭാഷയും ചിത്രത്തിന് ദോഷമായി.

എം പത്മകുമാറിന്‍റെ സംവിധാനവും ശരാശരിയില്‍ നിന്ന് ഉയരുന്നില്ല. അദ്ദേഹത്തിന്‍റെ മുന്‍ ചിത്രങ്ങളായ തിരുവമ്പാടി തമ്പാന്‍റെയും പാതിരാമണലിന്‍റെയും രീതിയില്‍ തന്നെയാണ് ബോക്സോഫീസിലും ഈ സിനിമയുടെ പ്രകടനം. പ്രേക്ഷകരെ ഒരു രീതിയിലും ആകര്‍ഷിക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടില്ല. ഉണ്ണി മുകുന്ദന്‍റെയോ നായിക സാനികയുടെയോ കഥാപാത്രങ്ങള്‍ക്ക് എന്തെങ്കിലും ചലനം സൃഷ്ടിക്കാനായില്ല.

ഒറീസയുടെ വിഷ്വലുകള്‍ മാത്രമാണ് അല്‍പ്പമെങ്കിലും ആശ്വാസം. ആ വരണ്ട ഭൂമിയുടെ ദൃശ്യഭംഗി ആവാഹിക്കാന്‍ ഛായാഗ്രാഹകന് കഴിഞ്ഞിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍റെ ഈ പ്രണയചിത്രത്തിന് എന്തായാലും മുംബൈ പൊലീസിനോട് പിടിച്ചുനില്‍ക്കാന്‍ കഴിയുമോ എന്ന് കാത്തിരുന്നുകാണുക തന്നെ.

വെബ്ദുനിയ വായിക്കുക